കടമെടുപ്പ് പരിധിവെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം തുടരും. ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി വിശദവാദത്തിനായാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്.
അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാന്‍ അനുമതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നല്‍കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. കടമെടുപ്പുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ണമായും പരാജയമായതോടെയായിരുന്നു അടിയന്തരവാദം കേട്ട് ഇടക്കാല വിധി നല്‍കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നികുതി പിരിവില്‍ വന്ന വര്‍ധനവാണ് കേരളം ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. അതേസമയം ആവശ്യത്തെ എതിര്‍ത്ത കേന്ദ്രം കേരളം തെറ്റായ കണക്കുകള്‍ അവതരിപ്പിക്കുന്നുവെന്ന വാദമാണ് ഉന്നയിച്ചത്.
കേസ് വിശദവാദത്തിനായാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചത്. കേരളത്തിന് കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ അതുകൂടി കേട്ടശേഷമാകും സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചായിരുന്നു കേരളത്തിന്റെ ഹര്‍ജിയില്‍ വാദം കേട്ടത്.