ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയാല്‍ റോഡരികില്‍ ചില കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ കാണാം. ഇപ്പോള്‍ മാലിന്യം മൂടിക്കിടക്കുകയാണെങ്കിലും വലിയ ചരിത്ര പ്രാധാന്യമുള്ള ബ്രിട്ടീഷ് നിര്‍മ്മിത വാട്ടര്‍ ടാങ്കുകളാണ് ഇവ. 16 എണ്ണം ഉണ്ടായിരുന്നിടത്ത് 3 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.
1889 ജനുവരി 4ന് വൈകിട്ട് ഒരു നാലു മണിയോടെ ഫോര്‍ട്ട് കൊച്ചിയിലെ ചന്ദ്രഭാനു കപ്പലില്‍ തീ പിടുത്തമുണ്ടായി. കേസില്‍ പെട്ട് കെട്ടിയിട്ടിരുന്ന കപ്പല്‍ കെട്ടഴിച്ച് വിട്ടു. പുറം കടലിലേയ്ക്ക് പോകുമെന്ന് കരുതിയ കപ്പല്‍ എത്തിയതാകട്ടെ കല്‍വത്തി തീരത്തേയ്ക്കും. ഇത് വലിയ തീപിടുത്തത്തിന് കാരണമായി.
300ഓളം വീടുകളടക്കം നിരവധി സ്ഥാപനങ്ങളാണ് അന്ന് അഗ്നിയ്ക്ക് ഇരയായത്. ഇതിനെ ബ്രിട്ടീഷുകാര്‍ ഗ്രേറ്റ് ഫയര്‍ എന്നു വിളിച്ചു. ഇതോടെ പെട്ടെന്നൊരു തീപിടുത്തമുണ്ടായാല്‍ അതിനുള്ള പരിഹാരമെന്നോണം ബ്രിട്ടീഷുകാര്‍ ഫോര്‍ട്ട് കൊച്ചിയുടെ വഴിയോരങ്ങളില്‍ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചു. ഇതില്‍ നിന്നും വെള്ളമെടുത്ത് കുതിരപ്പുറത്ത് മണി കിലുക്കി തീപിടുത്തമുണ്ടായ ഭാഗത്തേയ്ക്ക് പോകും. അതായിരുന്നു ആദ്യത്തെ ഫയര്‍ഫോഴ്‌സ് യൂണിറ്റ്.
ഇന്ന് അവശേഷിക്കുന്നത് 3 വാട്ടര്‍ ടാങ്കുകള്‍ മാത്രമാണ്. അതാകട്ടെ, മാലിന്യക്കൂമ്പാരമായി മാറി. എന്താണ് ഇതിന്റെ ചരിത്ര പ്രാധാന്യം എന്നു പോലും ആര്‍ക്കുമറിയില്ല. ഗ്രേറ്റ് ഫയര്‍ സംഭവത്തിന്റെ ഓര്‍മ്മയ്ക്കായി ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്ത് ഒരു സ്തൂപം ഉണ്ടാക്കിയിട്ടുണ്ട്. 1890 ഒക്ടോബര്‍ 7ന് തുറമുഖ ഓഫീസറായിരുന്ന ജെ ഇ വിന്‍ക്ലറാണ് ഇത് സ്ഥാപിച്ചത്. ഗ്രേറ്റ് ഫയറിന്റെ സ്മരണയായാണ് ഇത് കണക്കാക്കുന്നത്.