കൊല്ലം ചിതറയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. ചിതറ സ്വദേശികളായ ജിന്‍ഷാദ്, അഖില്‍ കൃഷ്ണ എന്നിവരാണ് പിടിയിലായത്. സംഭവത്തിലെ മറ്റൊരു പ്രതിയായ വിഘ്‌നേഷ് നേരത്തെ അറസ്റ്റിലായിരുന്നു.
മാര്‍ച്ച് 12നാണ് കേസ് ആസ്പദമായ സംഭവം നടന്നത്. ചിതറ കോത്തല സ്വദേശി മുഹമ്മദ് റാഫിയെയാണ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മുഹമ്മദ് റാഫി തന്റെ ഉടമസ്ഥതയിലുള്ള ജെസിബി ചിതറ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്നു.
തുടര്‍ന്ന് റാഫിയോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്ന ജന്‍ഷാദ് തന്റെ ജെസിബി അതിനുമുന്നിലായി പാര്‍ക്ക് ചെയ്തു. ശേഷം ജിന്‍ഷാദിന്റെ ജോലിക്കാരായ വിഘ്‌നേഷും അഖില്‍ കൃഷ്ണയും അമല്‍ കൃഷ്ണയും മുഹമ്മദ് റാഫിയുടെ ജെസിബി കുത്തി തുറക്കുവാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബൈക്കിലെത്തിയ ജിന്‍ഷാദ് മുഹമ്മദ് റാഫിയെ വാളുകൊണ്ട് വെട്ടുകയായിരുന്നു.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം വിഘ്‌നേഷനെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളായ ജിന്‍ഷാദും അഖില്‍ കൃഷ്ണയും ഊട്ടി മധുര കന്യാകുമാരി തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുകകയായിരുന്നു.
ഇവരെ പിന്തുടര്‍ന്ന പോലീസ് കഴിഞ്ഞദിവസം രാത്രി തെങ്കാശിയിലെ ലോഡ്ജില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.