Share this Article
ജാതി മത സമുദായ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങള്‍ക്കതീതമായി കേരളവിഷന്റെ ഇഫ്താര്‍ സംഗമം
Kerala Vision's Iftar Sangamam  beyond caste, religion, community, political and economic interests

സമൂഹത്തിന്റെ നാനാതുറകളിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ അണിനിരത്തിക്കൊണ്ട് കേരളവിഷന്‍ കൊച്ചിയില്‍ നടത്തിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ജാതി മത സമുദായ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങള്‍ക്കതീതമായി എല്ലാമനുഷ്യരും മാനവികതയ്ക്കായി ഒരുമിക്കണമെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു. 

നന്മയുടെയും സേവനത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹക്കണ്ണികളായി മനുഷ്യര്‍ക്ക് മാറാന്‍ കഴിയട്ടെ എന്ന് കേരളവിഷന്‍ എറണാകുളത്ത് നടത്തിയ ഇഫ്താര്‍ സംഗമം പ്രത്യാശ പ്രകടിപ്പിച്ചു. സിഒഎ സംസ്ഥാന അധ്യക്ഷന്‍ പ്രവീണ്‍മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെസിസിഎല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു.

ആത്മനിയന്ത്രണത്തിന്റെ തലമാണ് നോമ്പ് എന്ന് റംസാന്‍ സന്ദേശത്തില്‍ എറണാകുളം ഗ്രാന്റ് മസ്ജിദ് ഇമാം എംപി ഫൈസല്‍ അസാരി ചൂണ്ടിക്കാട്ടി. ജീവിതത്തെ ക്രമീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നിയന്ത്രണത്തിലൂടെയാണ് മനുഷ്യന്‍ മനുഷ്യനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മനുഷ്യനെ മറന്നുകൊണ്ടുള്ള മതം, രാഷ്ട്രീയം, കല, സംസ്‌ക്കാരം തുടങ്ങിയവ അപകടങ്ങള്‍ മാത്രമേ ഉണ്ടാക്കൂ എന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പറഞ്ഞു. ഇഫ്താര്‍ വിരുന്ന് പോലുള്ളവ സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് സീറോ മലബാര്‍ സഭ പിആര്‍ഒ ഫാ.ഡോ. ആന്റണി വടക്കേക്കര ഓര്‍മിപ്പിച്ചു. 

കൊച്ചി മെട്രോ റെയില്‍ എംഡി ലോക്നാഥ് ബഹ്റ, എംഎല്‍എ ടി ജെ വിനോദ്, ഹൈബി ഈഡന്‍, മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ കെ വി തോമസ്, മുന്‍ എംഎല്‍എ ഡൊമിന്ക് പ്രസന്റേഷന്‍, ആര്‍ ശ്രീകണ്ഠന്‍ നായര്‍,  അഡ്വ.മുഹമ്മദ് ഷാ, സി.ജി രാജഗോപാല്‍, പി എ സലീം, വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷന്‍ സെക്രട്ടറി സിബി ജോയ്,  ചലച്ചിത്ര താരം ഇര്‍ഷാദ്, കേരള അഡ്വെര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ പ്രസിഡന്റ് രാജു മേനോന്‍, പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷണല്‍ ഡയറക്ടര്‍ ആന്റ് സെക്രട്ടറി ഡോ. റ്റി. വിനയ് കുമാര്‍, പെപ്പര്‍ ട്രസ്റ്റ് പ്രസിഡന്റ് കെ വേണുഗോപാല്‍, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി സൂഫി മുഹമ്മദ്, വീക്ഷണം ചീഫ് എഡിറ്റര്‍ ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് പിബി ഇഫ്താര്‍ വിരുന്നില്‍ എത്തിച്ചേര്‍ന്ന് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories