Share this Article
ശാരീരിക വെല്ലുവിളികളിൽ തോൽപ്പിച്ച ജീവിതം; കഠിനാദ്ധ്വാനം കൊണ്ട് പൊരുതി മുന്നേറി നിക്സണ്‍
A life defeated by physical challenges; Nixon fought hard and progressed

ജീവിതത്തില്‍ അപ്രതീക്ഷിതമായ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ പകച്ചു പോകുന്നവരാണ് ഏറെയും.. എന്നാല്‍,    കഠിനാദ്ധ്വാനം കൊണ്ട് പൊരുതി മുന്നേറുന്ന തൃശ്ശൂര്‍ പാലിയേക്കര സ്വദേശി നിക്‌സണ്‍ അങ്ങിനെയുള്ളവര്‍ക്ക്  നല്കുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ചെറുതല്ല..

സമയം പുലര്‍ച്ചെ 4.30... തൃശൂര്‍ നഗരം രാത്രിയുടെ കരിമ്പടം മാറ്റി ഉണരാനുള്ള ഒരുക്കത്തിലാണ്. നല്ലൊരു ചായ കുടിക്കാന്‍ പറ്റിയ സ്ഥലം നോക്കിയാണ് പോകുന്നത്. ചെന്നു നിന്നത്  റൗണ്ട് സൗത്തിലെ സബ് വേയ്ക്ക് സമീപം ഒറ്റപ്പാലം ബസ്സുകള്‍ നിറുത്തുന്ന സ്ഥലത്ത്..

നിക്‌സണ്‍ ചേട്ടനാണ് ഇവിടെ ചായ വില്‍ക്കുന്നത്.  ചൂടു ചായ പോലെ  ഉന്മേഷമുള്ള മുഖമാണ് നിക്‌സണ്‍ ചേട്ടന്റേതും. അതിരാവിലെ മൂന്നു മണിക്കുണര്‍ന്ന് ഭാര്യ ജോയ്‌സി തയ്യാറാക്കി നല്കുന്ന ചായയുമായി 4.20ന് ടൂ വീലറില്‍ തൃശൂര്‍ റൗണ്ടിലെത്തും. ആമ്പല്ലൂര്‍ പാലിയേക്കരയില്‍ നിന്നാണ് നിക്‌സണ്‍ ചേട്ടന്‍ വരുന്നത്. 

വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളില്‍ ഷീറ്റു മേയുന്ന ട്രസ്സ് വര്‍ക്കായിരുന്നു നിക്സണ്‍ ചെയ്തിരുന്നത്. ഭേദപ്പെട്ട വരുമാനവും ഉണ്ടായിരുന്നു. സ്വന്തമായി പുതിയ വീട് പണിതതും അക്കാലത്താണ്. അപ്രതീക്ഷിതമായാണ് ജോലിക്കിടെ നിലയില്‍ നിന്ന് വീണ് ഗുരുതര  പരിക്കേറ്റത്.

രണ്ട് തവണ ഓപ്പറേഷന്‍ ചെയ്തു. കാലില്‍ ഇട്ട  സ്റ്റീലിന്‍റെ ബലത്തിലാണ് എണീറ്റ്  നില്‍ക്കാനാകുന്നത്.  ഒന്നര വര്‍ഷത്തോളം ജോലിക്ക് പോകാനാകാനായില്ല. വീട്ടില്‍  ഭാര്യയും രണ്ട് പെണ്‍മക്കളും.. ഏതുവിധേനയും ജീവിതം മുന്നോട്ടു നയിക്കണം.  സാധിക്കുന്ന വിധത്തില്‍ ചെറിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. ലോട്ടറി വില്‍ക്കാന്‍ പോയി. ഒന്നിലും മെച്ചപ്പെടാനായില്ല. പിന്നീട് ഭാര്യ ജോയ്‌സിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചായയുണ്ടാക്കി വില്‍പന നടത്താന്‍ തുടങ്ങി. തുടക്കത്തില്‍ അധികമൊന്നും ചിലവായില്ല. 

ചായയും കാപ്പിയും ചെറുകടികളുമായി വന്നാല്‍ സ്‌കൂട്ടര്‍ സ്റ്റാന്റില്‍ നിറുത്താന്‍ പോലും ആരുടെയെങ്കിലും സഹായം വേണം. എന്നിട്ടും ഒരു മടിയും കൂടാതെ, ഒരു ദിവസം പോലും മുടങ്ങാതെ ചായയുമായെത്തുന്ന നിക്‌സണ്‍ ചേട്ടന്‍ പരിചയമുള്ളവര്‍ക്കെല്ലാം ഒരു പ്രചോദനമാണ്. ആത്മവിശ്വാസമാണ്. 

രണ്ട് പെണ്‍മക്കളും ഇന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. ചായയും പലഹാരങ്ങളുമൊരുക്കി ഒപ്പം നിര്‍ക്കുന്ന ഭാര്യയും, പരിമിതികളോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ ശീലിച്ച മക്കളും ചേരുമ്പോള്‍ കുടുംബം  സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും ഇടമാണെന്ന് നിക്‌സണ്‍ ചേട്ടന്‍ പറയുന്നു.        

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories