ഇന്ത്യക്കാരായ ജീവനക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി വെബ് കോമിക്സ് കാര്‍ട്ടൂണ്‍. യു.എസിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാര്‍ക്കെതിരെയാണ് വംശീയ അധിക്ഷേപം.
പാലത്തില്‍ ഇടിക്കുന്നതിന് മുമ്പ് ദാലി ചരക്കുകപ്പലിനുള്ളില്‍ നിന്നുള്ള അവസാന റെക്കോര്‍ഡിങ് എന്ന കുറിപ്പോടെയാണ് ഫോക്‌സ് ഫോര്‍ഡിന്റെ കാര്‍ട്ടൂണ്‍ എക്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കപ്പല്‍ പാലത്തില്‍ ഇടിക്കാനൊരുങ്ങുമ്പോള്‍ മുണ്ട് ഉടുത്തു നില്‍ക്കുന്ന ജീവനക്കാര്‍ പരിഭ്രമിക്കുന്നതാണ് ഇതിവൃത്തം.
കപ്പലിന്റെ കണ്‍ട്രോള്‍ റൂമിലെ മലിനജലത്തില്‍ ഇന്ത്യക്കാരായ ജീവനക്കാര്‍ നില്‍ക്കുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് സംസാരരീതിയെ പരിഹസിക്കുന്ന ശബ്ദരേഖയും വെബ് കാര്‍ട്ടൂണില്‍ കേള്‍ക്കാം.
അപകടത്തില്‍പ്പെട്ട ചരക്കുകപ്പലിലെ ഇന്ത്യന്‍ ജീവനക്കാരുടെ അവസരോചിത ഇടപെടലിനെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍, മെര്‍ലിന്‍ ഗവര്‍ണര്‍ വെസ്റ്റ് മൂര്‍ അടക്കമുള്ളവര്‍ പ്രശംസിക്കുമ്പോഴാണ് അധിക്ഷേപ കാര്‍ട്ടൂണ്‍ പുറത്തുവന്നിരിക്കുന്നത്.22 ഇന്ത്യന്‍ ജീവനക്കാരുടെ ഇടപെടല്‍ അപകടത്തിന്റെ തീവ്രത കുറച്ചെന്നാണ് പൊതുവെയുളള അഭിപ്രായം.
ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലമാണ് തകര്‍ന്നത്. അപകടത്തെ കുറിച്ചുള്ള വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങളുമായി സഹകരിച്ച് ജീവനക്കാര്‍ ഇപ്പോഴും കപ്പലില്‍ തുടരുമ്പോഴാണ് അധിക്ഷേപം .വംശീയ അധിക്ഷേപ കാര്‍ട്ടൂണിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഫോക്‌സ് ഫോര്‍ഡിന്റെ അധിക്ഷേപ ശൈലി അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്.ബാള്‍ട്ടിമോര്‍ തുറമുഖത്തു നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ പതാകയുള്ള ദാലി എന്ന ചരക്കുകപ്പലാണ് പറ്റാപ്‌സ്‌കോ പുഴക്ക് കുറുകെ 56 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച ഇരുമ്പ് പാലത്തില്‍ ഇടിച്ചത്. പാലത്തില്‍ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ആറു പേര്‍ അപകടത്തില്‍ മരിച്ചതായി കണക്കാക്കി തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു.