കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പി.രവിയച്ചന്‍ അന്തരിച്ചു. 96 വയസായിരുന്നു. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോള്‍ ടീമംഗമായിരുന്നു. ഒന്നാംക്ലാസ് ക്രിക്കറ്റില്‍ ആയിരം റണ്‍സും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്. കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതല്‍ 17 വര്‍ഷം രഞ്ജി കളിച്ചു.
1952-ല്‍ തിരുവനന്തപുരത്ത് മൈസൂരുവിനെതിരേ തിരുവിതാംകൂര്‍-കൊച്ചിക്കു വേണ്ടിയായിരുന്നു രവിയച്ചന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം. ബാറ്റ്‌സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങി. 55 ഒന്നാം ക്ലാസ് മത്സരങ്ങളില്‍ നിന്ന് നേടിയ 1107 റണ്‍സും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യത്തെ യഥാര്‍ത്ഥ ഓള്‍റൗണ്ടര്‍ ക്രിക്കറ്റര്‍ എന്ന പദവിയും സ്വന്തമാക്കി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്‌ളബ് ആയിരുന്നു രവിയച്ചന്റെ തട്ടകം. രണ്ടുതവണ അദ്ദേഹം കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.