2022 ല്‍ ആഗോളതലത്തില്‍ പാഴാക്കികളഞ്ഞത് 105 കോടി ടണ്‍ ഭക്ഷണം. യു.എന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ലോകജനസംഖ്യയില്‍ 78.3 കോടിയാളുകള്‍ പട്ടിണി നേരിടുമ്പോഴാണ് ഈ കണക്കുകള്‍ എന്നതും സ്ഥിതി ഗുരുതരമാക്കുന്നു. വീടുകളിലാണ് 60 ശതമാനം വരുന്ന ഭക്ഷണങ്ങളും പാഴാക്കുന്നത്. ഹോട്ടലുകളില്‍ 28 ശതമാനവും ചില്ലറവില്‍പ്പനശാലകളില്‍ 12 ശതമാനവും വരുന്ന ആഹാരങ്ങളാണ് പാഴായത്.
ഭക്ഷണം പാഴാക്കുന്നത് ആഗോളതലത്തില്‍ തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും യു.എന്‍.ഇ.പി പറയുന്നു.എല്ലാ രാജ്യങ്ങളും ഈ വിഷയത്തില്‍ മുന്‍തൂക്കം നല്‍കിയാല്‍ മാത്രമേ പ്രതിസന്ധിക്ക് വലിയ മാറ്റം ഉണ്ടാവുകയുള്ളൂ.
ആഗോളതലത്തില്‍ എട്ട് മുതല്‍ 10 ശതമാനം വരെ ഹരിഗൃഹ വാതക ബഹിര്‍ഗമനത്തിന് പ്രധാന കാരണം ഭക്ഷണം പാഴാക്കലും അതുമായി ബന്ധപ്പെട്ട മാലിന്യങ്ങളുമാണന്ന് സമീപകാലത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
സമ്പന്ന രാജ്യങ്ങൾ മാത്രമല്ല ഈ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നതെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ഡേ ഓഫ് സീറോ വേസ്റ്റിന് മുന്നോടിയായാണ് കണക്കുകള്‍ യുഎന്‍ ഇപി പുറത്തുവിട്ടത്.ഭക്ഷണം പാഴാക്കല്‍ 2030 ഓടെ പകുതിയാക്കാനാണ് ലക്ഷ്യമിടുന്നത്.