ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി താമരശ്ശേരി രൂപതയും. കെ സി വൈ എം, സീറോ മലബാര്‍ യൂത്ത് മൂവേമെന്റ് എന്നിവരാണ് പ്രദര്‍ശനത്തിന് നേതൃത്വം കൊടുക്കുന്നത്.
ഈ മാസം നാലിന് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചിരുന്നു.ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രദർശിപ്പിച്ച സിനിമ ബോധവത്കരണത്തിന്റെ ഭാഗമായാണെന്ന് രൂപത പിന്നീട് വിശദീകരിച്ചിരുന്നു.
എന്നാൽ ചിത്രം പ്രദർശിപ്പിച്ചത് മൂലം കടുത്ത വിമർശനമാണ് വിവിധ മേഖലകളിൽ നിന്ന് ഇടുക്കി രൂപതയ്ക്ക് നേരിടേണ്ടി വന്നത്.ഇടുക്കി രൂപതക്ക് പിന്തുണയുമായി താമരശ്ശേരി രൂപത നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന്ടെ തുടർച്ചയായാണ് ഇപ്പോൾ താമരശ്ശേരി രൂപതയും ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് താമരശ്ശേരി രൂപത പോസ്റ്ററും പുറത്തിറക്കി.രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മകളിലാണ് ചിത്രം പ്രദർശിപ്പിക്കുക.
ശനിയാഴ്ചയായിരിക്കും പ്രദർശനം.പരമാവധി പേർ കാണണം എന്നും ചിത്രത്തിൻ്റെ ലിങ്ക് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്.അതേസമയം തലശ്ശേരി രൂപതയും കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചു.