തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയെന്നും കെ.ബാബുവിന്റെ വിജയം അസാധുവാക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
തൃപ്പൂണിത്തുറ എംഎല്‍എ കെ.ബാബുവിന് നാളെ നിര്‍ണായക ദിനമാണ്. ബാബുവിനെതിരായ എം.സ്വരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയര്‍ത്തിക്കൊണ്ട് അയ്യപ്പനെ മുന്‍നിര്‍ത്തി കെ.ബാബു പ്രചാരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്‌ക്കൊപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചെന്നാണ് പ്രധാന ആരോപണം. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയില്‍ സമര്‍പ്പിച്ചതെന്നായിരുന്നു കെ.ബാബുവിന്റെ വാദം.