ഇടുക്കി മാങ്കുളം ടൗണിന് സമീപം പള്ളിക്കുന്ന് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വ്യാപക നാശം വരുത്തുന്നതായി കര്‍ഷകര്‍ പറയുന്നു. വനംവകുപ്പുദ്യോഗസ്ഥരെത്തി കാട്ടാനകളെ തുരത്തിയാലും ആനകള്‍ തിരികെ കാടിറങ്ങുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
മാങ്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡുള്‍പ്പെടുന്ന പ്രദേശമാണ് മാങ്കുളം ടൗണിന് സമീപത്തെ പള്ളിക്കുന്ന് മേഖല.ടൗണുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിവിടം. ഈ ഭാഗത്താണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്.
ജനവാസമാരംഭിച്ച ശേഷം ഈ ഭാഗത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി അറിവില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കൃഷിയിടങ്ങളില്‍ ഇറങ്ങി കാട്ടാനകള്‍ നാശം വരുത്തുന്ന സ്ഥിതിയുണ്ട്.
വാഴ, കമുക്, ജാതി തുടങ്ങി വിവിധ കൃഷിവിളകള്‍ കാട്ടാനകള്‍ നശിപ്പിച്ച് കഴിഞ്ഞു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥരെത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തിയാലും ആനകള്‍ തിരികെ കാടിറങ്ങുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായതോടെ ആളുകളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ കാട്ടാനകളുടെ സാന്നിധ്യം ഉള്ള ഭാഗത്ത് നിന്നും കുറച്ച് ദൂരം മാത്രമെ മാങ്കുളം ടൗണിലേക്കൊള്ളു. ആനകള്‍ ടൗണിലേക്കെത്തുന്ന സാഹചര്യമുണ്ടായാല്‍ സ്ഥിതി സങ്കീര്‍ണ്ണമാകും.
ആനകള്‍ വനത്തില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കിടങ്ങോ, ഫെന്‍സിങ്ങോ തീര്‍ത്താല്‍ പ്രശ്‌ന പരിഹാരം കാണാനാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.ഇക്കാര്യത്തില്‍ വനംവകുപ്പ് വേഗത കൈവരിക്കണമെന്ന ആവശ്യവും ഇവര്‍ മുമ്പോട്ട് വയ്ക്കുന്നു.