എഐസിസി മാധ്യമ വിഭാഗം വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് ഐപിസി 153 അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ കേസെടുത്ത് പിണറായി വിജയൻ ബിജെപിയെ സഹായിക്കുകയാണെന്ന് ഷമ മുഹമ്മദ് പ്രതികരിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ ഏഴിന് കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഷമ മുഹമ്മദ് നടത്തിയ ഈ പ്രസംഗമാണ് കേസിലേക്ക് നയിച്ചത്. തിരുവനന്തപുരം സ്വദേശി അരുൺജിത്ത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
ഷമ വിദ്വേഷപ്രസംഗം നടത്തുകയും അത് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരൻ വ്യക്തമാക്കുന്നത്. ഈ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവി മുഖേന സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
ബിജെപി അധികാരത്തിൽ വന്നാൽ മുസ്‌ലിം - ക്രിസ്ത്യൻ പള്ളികൾ ഉണ്ടാകുമോ എന്ന് പറയാനാവില്ല എന്നായിരുന്നു ഷമ പ്രസംഗത്തിൽ പറഞ്ഞത്. ഇത് മതവിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാണ് പരാതിക്കാരൻ വ്യക്തമാക്കുന്നത്. അതേസമയം കേസെടുത്തു നടപടി വിമർശിച്ച് ഷമാ മുഹമ്മദ് രംഗത്തെത്തി.
സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി ഏത് പാർട്ടിക്കാരനാണെന്ന് ഷമ ചോദിച്ചു. കേസെടുത്ത് തന്നെ വേട്ടയാടാനാണ് നീക്കമെന്നും അവർ പറഞ്ഞു. സംഭവത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.