കാസര്‍ഗോഡ് ഷേണിയില്‍ വീട് കത്തിനശിച്ചു, തീപിടുത്തത്തെത്തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടത്തില്‍ വീടിന്റെ ചുമരുകള്‍ തകര്‍ന്ന നിലയിലാണ്. വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഷേണി ബാലദളയിലെ ഭട്ട്യനായ്ക്കിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഭട്ട്യനായ്ക്കിന്റെ ചെറുമക്കളായ ഹെവിക്, ദൈവിക്, എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വലതുവശത്തെ മുറിയില്‍ പുകയുയരുന്നത് കണ്ട് ഇവര്‍ ഉടന്‍ തന്നെ ഇറങ്ങിയോടുകയും സമീപവാസികളെ വിവരമറിയിക്കുകയും ചെയ്തു.
സമീപവാസികള്‍ വീട്ടിലെത്തി കണക്ഷന്‍ നല്‍കിയിരുന്ന സിലിണ്ടര്‍ പുറത്തെറിഞ്ഞു. മറ്റൊരു സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതോടെ വീടിന്റെ ചുമരുകള്‍ തകര്‍ന്നു. വലിയ വിള്ളലുമുണ്ടായി. തീപിടിത്തത്തില്‍ അലമാരയും, രേഖകളും, വസ്ത്രങ്ങളും, ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം കത്തിനശിച്ചു.
നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് തീയണച്ചത്. കാസര്‍കോട് അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നു 2 വാഹനങ്ങളിലാണ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തിയത്.