വന്യജീവി ശല്യത്താൽ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ് തൃശ്ശൂർ തെക്കും കര പഞ്ചായത്തിലെ സേവ്യർ എന്ന കർഷകൻ.. ..മലയോര കാർഷിക ഗ്രാമമായ തെക്കുംകര കല്ലമ്പാറയിലാണ് ഒന്നര ഏക്കറോളം വരുന്ന കൃഷി സ്ഥലം വന്യജീവി ശല്യത്താൽ കൃഷി ചെയ്യാതെ ഇട്ടിരിക്കുന്നത്.
40 വർഷമായി ഈ കൃഷിയിടത്തിൽ കല്ലമ്പാറ സ്വദേശി വലിയപറമ്പിൽ സേവിയർ കൃഷി ചെയ്തു വരികയായിരുന്നു.. ജൈവ രീതിയിലുള്ള ചങ്ങാലിക്കോടൻവാഴയും , പച്ചക്കറി , കപ്പ ,കൂവ എന്നീ കിഴങ്ങ് വിളകളും ആണ് കൃഷി ചെയ്തിരുന്നത്.
എന്നാൽ ഇന്ന് കാട്ടുപന്നിയുടെയും മയിലിൻ്റെയും രൂക്ഷമായ ശല്യത്തിൽ പൂർണ്ണമായും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ഓണ വിപണി ലക്ഷ്യം വെച്ച് 300 ഓളം വാഴകളുംതിരുവാതിരയ്ക്ക് വേണ്ട കൂവ കൃഷിയും നിത്യ ചെലവിനായുള്ള പച്ചക്കറിയുമാണ് ഈ കൃഷിയിടത്തിൽ കൃഷി ചെയ്തു വന്നിരുന്നത്.
കാട്ടുപന്നിയുടെ ആക്രമണം തടയുന്നതിന് വേണ്ടി വിവിധ മാർഗങ്ങൾ അവലംബിച്ചെങ്കിലും പരാജയമായിരുന്നു ഫലം എന്നാണ് സേവിയർ പറയുന്നത്.അടുത്തിടെയായി മയിലിന്റെ ശല്യവും അതിരൂക്ഷമാണ്. വിളകളുടെ കൂമ്പ് പോലും മയിൽകൊത്തി നശിപ്പിക്കുന്നതായും സേവിയർ പറയുന്നു..
ഒരു ലക്ഷം രൂപയോളം മുടക്കി നിർമ്മിച്ച ആയിരക്കണക്കിന് ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കും ഇപ്പോൾ പാഴായി കിടക്കുകയാണ്.കാട്ടുപന്നികൾ കൃഷി നശിപ്പിക്കുമ്പോൾ പലപ്പോഴും ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്.
കൃഷിഭവനിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും സേവിയർ കുറ്റപ്പെടുത്തുന്നു.ആടും പശുവും കോഴിയുമെല്ലാമായി സമിശ്ര ജൈവ കൃഷിരീതികളാണ് സേവ്യർ അനുവർത്തിച്ച് വന്നിരുന്നത്. കാർഷിക വിളകളുടെ മൂല്യവർധിത ഉത്പന്നങ്ങളും വീട്ടിൽ തന്നെയുണ്ടാക്കി വിൽപ്പനയും നടത്തിയിരുന്നു.
കഴിഞ്ഞ മൂന്നാല് വർഷങ്ങളായി മുടക്ക് മുതൽ പോലും ലഭിക്കാതെ വന്നതോടെയാണ് സേവിയർ കൃഷി പൂർണമായും ഉപേക്ഷിച്ചത്.അറ്റ വേനക്കാലത്ത് പോലും വറ്റാത്ത കിണറും അധ്വാനിക്കാനുള്ള മനസ്സും ഉണ്ടായിട്ടും കൃഷി ചെയ്യാനാവാത്തതിന്റെ നിരാശയിലാണ് ഈ കർഷകൻ.