ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് മുഖരിതമാണ് ലബനോണ്‍ അതിര്‍ത്തി.ഇസ്രയേലിന് നേരെ ഹെസ്‌ബൊള്ള നടത്തിയ ആക്രമണത്തിന് മറുപടിയായി നടന്ന ആക്രമണത്തില്‍ മുതിര്‍ന്ന രണ്ട് ഹെസ്‌ബൊള്ള അംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പശ്ചിമേഷ്യയിലെ യുദ്ധഭീതിയുടെ ആക്കം ദിവസം ചെല്ലുംതോറും വര്‍ധിച്ചുവരുകയാണ്. സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്കൊപ്പം ലബനോണ്‍ അതിര്‍ത്തിയില്‍ ഹെസ്‌ബൊള്ളയുമായുള്ള യുദ്ധവും കടുക്കുന്നു.
വടക്കന്‍ ഇസ്രയേലിലെ സൈനികകേന്ദ്രം അടക്കമുള്ള പ്രദേശങ്ങള്‍ക്ക് നേരെ 35 മിസൈലുകളാണ് ഹെസ്‌ബൊള്ള തൊടുത്തത്.ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചെങ്കിലും, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹെസ്‌ബൊള്ളയുടെ രണ്ട് കെട്ടിടങ്ങള്‍ തകര്‍ത്തു കൊണ്ട് ശക്തമായ തിരിച്ചടി നല്‍കി.രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി ഹെസ്‌ബൊള്ളയുടെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു.
ഹെസ്‌ബൊള്ള ഗ്രൂപ്പിന്റെ വ്യോമ പ്രതിരോധ നിരയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും എലൈറ്റ് റദ്വാന്‍ ഫോഴ്സിലെ ഒരു ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.ഗാസയിലെ യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും തുടരുമ്പോഴാണ് ഹെസ്‌ബൊള്ളയും ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ തീവ്രതയും ഏറുന്നത്.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം പശ്ചിമേഷ്യയില്‍ പുതിയൊരു യുദ്ധമുഖം കൂടി സൃഷ്ടിക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഈ സാഹചര്യം ആഗോള വ്യവസായ വ്യാപാരമേഖലയില്‍ സൃഷ്ടിക്കാന്‍ പോവുന്ന പ്രതിസന്ധികള്‍ ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട് .ഇരു രാജ്യങ്ങളുടെയും വ്യാപാര പങ്കാളിയായ ഇന്ത്യയെയും ഇത് വിഷമസന്ധിയിലാക്കും.