കഴിഞ്ഞ വര്‍ഷം 282 ദശലക്ഷം ജനങ്ങള്‍ പട്ടിണിയിലായെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. 2023ല്‍ ലോകമെമ്പാടും ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിശപ്പ് മാറാതെ 282 ദശലക്ഷം ജനങ്ങള്‍ ഉറങ്ങിയ വര്‍ഷമാണ് 2023 എന്ന റിപ്പോര്‍ട്ടാണ് ഐക്യരാഷ്ട്രസഭ പുറത്ത് വിട്ടത്. ഭക്ഷ്യ സുരക്ഷാശൃംഖല പ്രസിദ്ദീകരിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ടത്.
യുദ്ധമുനമ്പായ ഗാസയും അതിസങ്കീര്‍ണമായ ഭക്ഷ്യപ്രതിസന്ധിയാണ് നേരിട്ടത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് വിശപ്പിന്റെ വിളി അവസാനിക്കാത്ത മനുഷ്യരുറങ്ങുന്ന ലോകമായി മാറുന്നത്. മുന്‍വര്‍ഷത്തെ കണക്കിനേക്കാള്‍ 24 ദശലക്ഷമാണ് 2023ല്‍ വര്‍ധിച്ചത്.
കാലാവസ്ഥാ വ്യതിയാനവും അടങ്ങാത്ത യുദ്ധക്കൊതിയുമാണ് 282 ദശലക്ഷം മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. കൊടുംപട്ടിണിയുടെ അറ്റത്താണ് ഗാസയിലെ ജീവിതങ്ങള്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു.
2016ലാണ് ഭക്ഷ്യ സുരക്ഷാശൃംഖല ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016ല്‍ നിന്നും 2024ല്‍ എത്തി നില്‍ക്കുമ്പോള്‍ 108 ദശലക്ഷത്തില്‍ നിന്നും 282 ദശലക്ഷത്തിലേക്കാണ് വിശപ്പ് വളര്‍ന്നത്. എല്‍ നിനോ അടക്കമുള്ള ഭൗമപ്രതിഭാസത്തിനൊപ്പം അടങ്ങാത്ത യുദ്ധക്കൊതിയും വിശന്നുറങ്ങുന്ന ദശലക്ഷകണക്കിന് മനുഷ്യരെ ബാക്കിയാക്കുന്നുണ്ട്.