ഓൺലൈൻ ആപ് വഴി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ.തൃശൂർ ചേറ്റുപുഴ കണ്ണപുരം സ്വദേശി പ്രവീൺ മോഹൻ നെയാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മൈ ക്ലബ് ട്രേഡ്സ് (MCT) എന്ന ഓൺ ലൈൻ ആപ്പ് വഴി 5 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയാണ് ഇയാൾ.
തട്ടിപ്പിൻെറ മുഖ്യ സൂത്രധാരനും പ്രൊമോട്ടറും പ്രവീൺ മോഹനായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. MCT എന്ന മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് നൽകി 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പണം വാങ്ങി ആയിരുന്നു തട്ടിപ്പ്.
തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം 29 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021 ൽ MCT യുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ FTL എന്നും Grown Bucks എന്നും പേരു മാറ്റി തട്ടിപ്പ് തുടരുകയായിരുന്നു.സുപ്രീം കോടതിയിൽ പ്രതി നൽകിയ ജാമ്യ ഹർജി തള്ളിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.