കാസര്‍ഗോഡ് സഹകരണ സൊസൈറ്റിയില്‍ വന്‍ ക്രമക്കേട്. കാറടുക്ക അഗ്രികള്‍ച്ചര്‍ സൊസൈറ്റിയിലാണ് 4.76 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. അംഗങ്ങളറിയാതെ അവരുടെ പേരില്‍ സെക്രട്ടറി സ്വര്‍ണപ്പണയ വായ്പ എടുത്തു മുങ്ങി.
സിപിഎം ഭരിക്കുന്ന കാസര്‍കോട് കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നത്. സഹകരണ വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ ക്രമക്കേട് കണ്ടെത്തി. പണയ സ്വര്‍ണം ഇല്ലാതെ 7 ലക്ഷം രൂപ വരെയാണ് അനുവദിച്ചത്.
ജനുവരി മുതല്‍ പല തവണകളായി വായ്പയിലൂടെ പണം സ്വരൂപിക്കുകയാണ് ഉണ്ടായത്. തട്ടിപ്പില്‍,സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. രതീശനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസിഡന്റ് കെ.സൂപ്പി നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
പണവുമായി മുങ്ങിയ പ്രതി ബംഗളൂരുവില്‍ ഉണ്ടെന്നാണ് സൂചന. തട്ടിപ്പ് കേസ് ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് സാധ്യത. കോടികളുടെ സ്വര്‍ണപ്പണയ തട്ടിപ്പ് നടത്തിയ രതീശനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബാങ്കിന്റെ മറ്റു ശാഖകളിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.