വെന്തുരുകി ഉത്തരേന്ത്യ. അതി കഠിനമായ ഉഷ്ണ തരംഗത്തെ തുടർന്ന് അഞ്ച് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.രാജസ്ഥാൻ, മധ്യപ്രദേശ്,പഞ്ചാബ്, ഹരിയാന, ഡൽഹി, എന്നീ സംസ്ഥാനങ്ങളിലാണ് റെഡ് അലർട്ട്. രാജസ്ഥാനിൽ മാത്രം നാലായിരത്തോളം പേരാണ് ചികിത്സ തേടിയത്.
15 പേർക്ക് ജീവൻ നഷ്ടമായി.രാജസ്ഥാനില്‍ പലയിടത്തും 50 ഡിഗ്രിയോടടുത്താണ് താപനില. ബാര്‍മറിലും ബിക്കാനീറിലും ആളുകള്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ല കലക്ടർമാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡൽഹിയും കഠിന ചൂടിൽ നട്ടം തിരിയുകയാണ്.
കഴിഞ്ഞ ദിവസം 49.ഡിഗ്രിയിൽ കൂടുതലാണ് പല പ്രദേശങ്ങളിലും രേഖപ്പെടുത്തിയ താപനില.സൂര്യാഘാത സാധ്യത കൂടിയതിനെ തുടർന്ന് ദില്ലിയില്‍ സർക്കാർ ആശുപത്രികളില്‍ പ്രത്യേക കിടക്കകള്‍ സജ്ജീകരിച്ചു.ഹരിയാനയിലും ജനജീവിതം ദുസഹമാക്കി രാത്രി താപനിലയും ഉയരുകയാണ്.
മഹാരാഷ്ട്രയിൽ വിദർഭ മേഖല തിളച്ച് മറിയുകയാണ്. പലയിടത്തും താപനില 45 ഡിഗ്രി കടന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പുറമെ വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.