Share this Article
തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ; വെള്ളക്കെട്ട്; കാലവര്‍ഷം 24മണിക്കൂറിനകം എത്തുമെന്ന് മുന്നറിയിപ്പ്
വെബ് ടീം
posted on 29-05-2024
1 min read
heavy-rain-in-kochi-thiruvananthapuram

തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ. കളമശ്ശേരി മേഖലയിലും കനത്ത മഴയാണ്. മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് നഗരങ്ങളില്‍ വെള്ളം കയറി. കിള്ളിയാര്‍ പുഴ കരകവിഞ്ഞു. ചാല മാര്‍ക്കറ്റിലും തമ്പാനൂരിലും വെള്ളം കയറി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്നത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണെന്നാണ് റിപ്പോർട്ട്.

കൊച്ചിയിലും ശക്തമായ മഴയാണ് തുടരുന്നത്. കളമശേരി, തമ്മനം, മൂലേപ്പാടം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. പുത്തന്‍കുരിശ് കോലഞ്ചേരി ഭാഗത്തും കനത്ത മഴയാണ് തുടരുന്നത്. കാക്കനാട് പടമുകളില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് ചിറയിലേക്ക് വീണു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ചിറയിലേക്ക് പതിച്ചു.

കനത്ത മഴയില്‍ ആലപ്പുഴ ചെങ്ങന്നൂരിൽ  സ്‌കൂള്‍ പരിസരത്തെ മണ്ണ് ഇടിഞ്ഞ് വീണു. കോടുകുളഞ്ഞി ജെ.എം ഹൈസ്‌ക്കൂളിന് സമീപത്തെ മണ്ണാണ് അടുത്തുള്ള  വീടിന് മുന്നിലേക്ക് ഇടിഞ്ഞു വീണത്. മണ്ണിടിച്ചിലില്‍ വീടിന് മുകളിലേക്ക് മരം വീണു. അപടത്തില്‍ ആര്‍ക്കും പരിക്കില്ല.

ശക്തമായ മഴയില്‍ കൊല്ലം മുണ്ടക്കല്‍, തറവട്ടം പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. പനംകുറ്റി ഏലായുടെ ഭാഗങ്ങള്‍ മണ്ണിട്ട് നികത്തിയതാണ് വെള്ളം കയറിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടിടത്തുമായി 25 വീടുകളിലാണ് വെള്ളം കയറിയത്. പനംകുറ്റി ഏലായ്ക്ക സമീപമുള്ള വീടുകളാണ് ഏറെയും.കുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയില്‍.എറണാകുളത്തും ആലപ്പുഴയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി.

കാലവര്‍ഷം 24 മണിക്കൂറിനകം കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച അതി ശക്തമായ മഴക്കും മെയ് 29 മുതല്‍ ജൂണ്‍ രണ്ടു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളിലെല്ലാം മഞ്ഞ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories