രാജ്യസഭയിലേക്ക് മുസ്‌ലിം ലീഗ് CK സുബൈറിനെ പരിഗണിക്കുന്നു. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന യുവ നേതാവ് വേണമെന്ന ആലോചനയിൽ നിന്നാണ് സുബൈറിന്റെ പേര് ഉയർന്നുവന്നത്. അഡ്വ.ഫൈസൽ ബാബു, പി.കെ. ഫിറോസ് എന്നിവരുടെ പേരും സാധ്യത പട്ടികയിലുണ്ട്.
പി എം എ സലാം ഇല്ലെങ്കിലാണ് യുവാക്കളെ പരിഗണിക്കുക. രാജ്യസഭാ സ്ഥാനാർത്ഥി ചർച്ച മുസ്‌ലിം ലീഗ് 5 ന് ശേഷം തുടങ്ങും.
പി.എം.എ സലാമിനെയായിരുന്നു രാജ്യസഭയിലേക്ക് മുസ്‌ലിം ലീഗ് നേതൃത്വം ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരുമെന്നതിനാൽ സലാമിന് അതിൽ താല്പര്യമില്ല. ജനറൽ സെക്രട്ടറി സ്ഥാനം നിലനിർത്തിക്കൊണ്ട് സലാമിനെ രാജ്യസഭയിലേക്ക് അയക്കുന്നതിൽ ലീഗിനകത്തെ മറുവിഭാഗത്തിനും എതിർപ്പുണ്ട്.
സംസ്ഥാന ജനറൽ സെക്രട്ടറി പദം മറുവിഭാഗത്തിന് കിട്ടുന്ന സാഹചര്യം പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള മുതിർന്ന നേതാക്കളും ആഗ്രഹിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് യുവ നേതാവ് രാജ്യസഭയിലേക്ക് പോകട്ടെ എന്ന ചർച്ച ലീഗ് നേതൃത്വത്തിൽ ഇപ്പോൾ ഉയർന്നുവരുന്നത്.
ദേശീയതലത്തിൽ പ്രവർത്തിക്കുന്ന പരിണിത പ്രജ്ഞനായ യുവ നേതാവ് എന്ന നിലയിൽ മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റൻറ് സെക്രട്ടറി സി.കെ.സുബൈറിന്റെ പേരിനാണ് മുൻതൂക്കം. ദേശീയതലത്തിൽ അദ്ദേഹം പാർട്ടിക്കായി നടത്തുന്ന ഇടപെടലുകളാണ് നേതൃത്വത്തെ ഇത്തരമൊരു കാര്യത്തിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകം.
സമാനമായ പ്രവർത്തന മികവാണ് മുസ്‌ലിം യൂത്ത് ലീഗിൻ്റെ നിലവിലെ ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവിനെ പരിഗണിക്കാൻ ലീഗ് നേതൃത്വത്തെ ചിന്തിപ്പിക്കുന്ന മറ്റൊരു ഘടകം. ഇവരല്ലെങ്കിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ പരിഗണിക്കും. എങ്കിലും സലാമിനെ രാജ്യസഭയിലേക്ക് അയക്കണമെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ മനസ്സിലിരിപ്പ്.
ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ പിഎംഎ സലാം തയ്യാറാകുമോ എന്നുള്ളതാണ് കാത്തിരുന്നു കാണേണ്ടത്. ജൂൺ 5 നുശേഷം ഔദ്യോഗികമായ ചർച്ചകൾ ലീഗ് നേതൃത്വം ഇക്കാര്യത്തിൽ ആലോചിക്കും.