തിരുവനന്തപുരം കാട്ടാക്കടയില്‍ അധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാമുകള്‍ പൂട്ടണമെന്ന് ആവശ്യം.പൂവച്ചല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.
കാട്ടാക്കട കരിയംകോടാണ് അനധികൃത പന്നി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ ജനകീയ സമിതി പന്നി ഫാമുകള്‍ക്കെതിരെ സമരവുമായി രംഗത്തെത്തിയിരുന്നു. പന്നി ഫാമിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൂട്ടമായി കത്തിക്കുന്നത് കാരണം പുകയുയര്‍ന്ന് ജനങ്ങള്‍ രോഗികള്‍ ആകുന്ന അവസ്ഥയിലാണെന്നും ജനവാസ മേഖലയിലെ പന്നി ഫാമുകള്‍ പൂട്ടണമെന്നും ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ജനകീയ സമിതി കഴിഞ്ഞ ഒരു വര്‍ഷമായി നല്‍കിയത്.
ഹൈക്കോടതി, ആര്‍.ഡി.ഒ , ആരോഗ്യ വകുപ്പ് തുടങ്ങിയവ പന്നി ഫാം നിര്‍ത്തണമെന്ന് ഉത്തരവ് നല്‍കിയെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിക്കത്തതിനാലാണ് അനിശ്ചിത കാല നിരാഹാര സമരത്തിന് തുടക്കം കുറിച്ചതെന്ന് ജനകീയ സമിതി നേതാക്കള്‍ പറഞ്ഞു.
പന്നി ഫാം പൂട്ടണമെന്ന ഉത്തരവ് കാണിച്ചിട്ടും പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും കാട്ടുന്ന അലംഭാവത്തിനെതിരെയാണ് സമരമെന്നും പന്നി ഫാമുകള്‍ നിര്‍ത്തലാക്കി മാലിന്യം നീക്കം ചെയ്യുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി പറഞ്ഞു.