വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിന് CPIM സംസ്ഥാന സമിതി അംഗവും മുൻ എം.എൽ.എയുമായ കെ.കെ.ലതികയ്ക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് വടകരയിലെ യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് കാസിം ഹൈക്കോടതിയിലേക്ക്.
കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കാസിമിൻ്റെ പേരിൽ പ്രചരിപ്പിച്ചതിനാണ് നടപടി ആവശ്യപ്പെടുന്നത്. അതേസമയം കാസിം നൽകിയ പരാതിയിൽ പോലീസിന്റെ പ്രത്യേകത സംഘം അന്വേഷണം തുടങ്ങി. അതിനിടെ പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കൾ തുടങ്ങിയ പേജുകളുടെ അഡ്മിന്മാരുടെ വിവരം നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് വീണ്ടും ഫേസ്ബുക്കിന് നോട്ടീസ് നൽകി.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു കാഫിർ വ്യാജ സ്ക്രീൻ ഷോട്ട്. CPIM സംസ്ഥാന സമിതി അംഗവും മുൻ എം.എൽ.എയുമായ കെ.കെ.ലതികയാണ് ഇത് ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തവരിൽ ഒരാൾ.
വടകരയിലെ യൂത്ത് ലീഗ് നേതാവായ പി.കെ.മുഹമ്മദ് കാസിമിൻ്റെ പേരിലായിരുന്നു കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. എന്നാൽ അത് തയ്യാറാക്കിയത് കാസിം അല്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് തൻ്റെ പേരിൽ തെറ്റായ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കെ.കെ.ലതികക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കാസിം ഡിജിപിക്ക് പരാതി നൽകിയിരുന്നു. അതിൽ ഒരു നടപടിയും ഉണ്ടാകാത്തതിനെ |തുടർന്നാണ് ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്.
എന്നാൽ ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഡിജിപിക്ക് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. പ്രത്യേക സംഘമാണ് കെ.കെ.ലതിക ക്കെതിരായ കാസിമിന്റെ പരാതി അന്വേഷിക്കുന്നത്.
അതിനിടെ കേസ് അന്വേഷിക്കുന്ന വടകര പൊലീസ് രണ്ടാമതും ഫേസ്ബുക്കിന് നോട്ടീസ് നൽകി. വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ പേജുകളുടെ അഡ്മിന്മാർ ആരെന്ന് തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്ക് നോഡൽ ഓഫീസർക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു.
Source Sans Pro