മലപ്പുറം വളളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു.450 ൽ അധികം ആളുകൾ ചികിത്സയിൽ. അതിനിടെ കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.
വള്ളിക്കുന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നത്.450 ൽ അധികം ആളുകൾ ചികിത്സ തേടിയതായി അധികൃതർ വ്യക്തമാക്കി. രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും പ്രദേശിക ഭരണകൂടവും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
വിദ്യാലയങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മഞ്ഞപ്പിത്ത പ്രതിരോധ മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെ പ്രദേശത്ത് സംഘടിപ്പിച്ചിട്ടുണ്ട്.ചേലമ്പ്രയിലെ 15 വയസുകാരി കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. അതേ സമയം കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്.
ആരുടെയും സ്ഥിതി ഗുരുതരമല്ല. ഭക്ഷ്യ വിഷബാധയെ തുടർന്ന് വിദ്യാലയത്തിലെ 127 വിദ്യാർത്ഥികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു.ഇവരിൽ 4 പേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾ കഴിച്ച ഭക്ഷണത്തിൻ്റെയും കുടിവെള്ളത്തിൻ്റെയും സാമ്പിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഈ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രോഗവ്യാപനത്തിൻ്റെ കാരണം വ്യക്തമാകൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്.