മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 6 വര്‍ഷം. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കലാലയത്തില്‍ മുഴങ്ങി കേള്‍ക്കുന്നത് ആ ധീര രക്തസാക്ഷിയുടെ ഓര്‍കളാണ്.
നാട്ടുകാര്‍ക്കും സഹപാഠികള്‍ക്കും പ്രിയപ്പെട്ടവന്‍. 19 വയസുകാരന്‍ അഭിമന്യു ഓര്‍മ്മയായിട്ട് ഇന്നേക്ക് 6 വര്‍ഷം തികയുന്നു. നാന്‍ പെറ്റ മകനേ... എന്‍ കിളിയേ..'ഇടുക്കി വട്ടവടയിലെ കൊച്ചു ഗ്രാമത്തില്‍ നിന്നും കൊച്ചിയിലെത്തിയ അഭിമന്യുവിന്റെ അമ്മയുടെ നിലവിളി ശബ്ദം കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയിരുന്നു.
ആദിവാസി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്നതായിരുന്നു അഭിമന്യുവിന്റെ സ്വപ്നം. നിരവധി സ്വപ്‌നങ്ങളുമായി മഹാരാജാസില്‍ എത്തിയ അഭിമന്യുവിന് അത് പൂര്‍ത്തീകരിക്കാന്‍ ആയില്ല. 2018 ജൂലൈ രണ്ടിനാണു ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് അഭിമന്യുവിന് ജീവന്‍ നഷ്ടമായത്.
കുത്തേറ്റ അഭിമന്യുവിനെ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരും ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോഴും അഭിമന്യു തീരാ നോവായി മാറുകയായിരുന്നു. കുത്തേറ്റു ജീവന്‍ പൊലിഞ്ഞ മഹാരാജാസില്‍ അഭിമന്യുവിന്റെ പേരില്‍ ഇന്ന് ഒരു സ്മാരകം തന്നെയുണ്ട്.
ചോര്‍ന്നൊലിച്ച ഒരു കൂരക്കുപകരമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കെട്ടിക്കൊടുത്ത അടച്ചുറപ്പുള്ള ഒരു വീടുണ്ട്. കലൂരില്‍ അവന്റെ പേരില്‍ ഒരു പഠന കേന്ദ്രവുമുണ്ട്. എന്നാല്‍ മഹാരാജാസിന്റെ മണ്ണില്‍ അഭിമന്യു പിടഞ്ഞ് മരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കൊലക്കേസിന്റെ വിചാരണമാത്രം സാങ്കേതികത്വങ്ങളില്‍ കുരുങ്ങിക്കിടുക്കുകയാണ്. ക്യാമ്പസില്‍ വര്‍ഗീയത തുലയട്ടെ എന്ന് സഖാവ് അഭിമന്യു എഴുതിയ ചുവരെഴുത്ത് ഇന്നും അവിടെയുണ്ട്. നീതി ലഭിക്കാതെ.