തൃശൂർ/ചാലക്കുടി: കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളാണ് ജിസു.
ഇക്കഴിഞ്ഞ 22–ാം തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്. വേളാങ്കണ്ണിയിൽ എത്തിയശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു.
അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവച്ച് അവശ നിലയിൽ കാണപ്പെട്ട ആന്റോയെ നാഗപട്ടണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് മരിച്ചതറിഞ്ഞ ജിസുവും വിഷം കുത്തിവച്ച് ജീവനൊടുക്കിയതായാണ് വിവരം.
രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം നാഗപട്ടണം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വ്യാഴാഴ്‌ച തിരുമുടിക്കുന്ന് ചെറുപുഷ്‌പം ദേവാലയത്തിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)