Share this Article
ജാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി JMM നേതാവ് ഹേമന്ത് സോറന്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡിന് പുതിയ മുഖ്യമന്ത്രി. ജെ.എം.എം നേതാവ് ഹേമന്ത് സോറന് ഭൂമി കുംഭകോണക്കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. നിലവിലെ മുഖ്യമന്ത്രി ചംപയ് സോറന്‍ ബുധനാഴ്ച രാജ്ഭവനിലെത്തി രാജിക്കത്ത് സമര്‍പ്പിച്ചു.

ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമാണ് ഹേമന്ത് സോറന്‍. ഭൂമിതട്ടിപ്പുകേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 28 നാണ് ഹേമന്ത് സോറന്‍ ജയില്‍ മോചിതനാകുന്നത്.

ജയില്‍ മോചിതനായ ഉടന്‍ തന്നെ ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ജെഎംഎം, ഇന്ത്യ സഖ്യ നേതാക്കളെ കൂടിക്കാഴ്ച നടത്തി. ജൂലൈ രണ്ടിന് ചംപയ് സോറനെ അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിലെത്തി കാണുകയും ചെയ്തു.

ബുധനാഴ്ച ഇവിടെ നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഹേമന്ത് സോറന്‍ എത്രയും പെട്ടന്ന് മുഖ്യമന്ത്രിയായി തിരിച്ചെത്തണമെന്ന് തീരുമാനമായത്. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതി ഇനി ഗവര്‍ണര്‍ തീരുമാനിക്കും.

സര്‍ക്കാര്‍ രൂപീകരണത്തിന്റെ വിശദാംശങ്ങള്‍ ഘട്ടം ഘട്ടമായി അറിയിക്കുമെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടയാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ഗോത്രവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്ത അഞ്ച് ലോക്സഭാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

അതോടൊപ്പം ഹേമന്ത് സോറന്റെ തിരിച്ചുവരവും വീണ്ടും മുഖ്യമന്ത്രിയാകുന്നതും കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് മഹാസഖ്യത്തിന്റെ കണക്കുകൂട്ടല്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories