കാലങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്‌ത് വേണം തൃശ്ശൂർ അരിമ്പൂരിലെ കെ.എസ്.ഇ. ബി. യുടെയും ബി.എസ്.എൻ.എൽ ന്റെയും ഓഫീസിലെത്താൻ. ഇവിടേക്ക് വിവിധ ആവശ്യത്തിനെത്തുന്ന ഉപഭോക്താക്കൾക്ക് മാത്രമല്ല ജീവനക്കാർക്കും റോഡ് സമ്മാനിക്കുന്നത് ദുരിതമാണ്..
കുന്നത്തങ്ങാടിയിലുള്ള ബി.എസ്.എൻ.എൽ ഓഫീസിലെ ജൂനിയർ എൻജിനീയറാണ് കെ. കൃഷ്ണകുമാർ.. ഒന്നര വർഷം മുൻപ് കോണിയിൽ നിന്നും വീണു ഉണ്ടായ അപകടത്തിൽ കാലിനേറ്റ പരിക്ക് മൂലം ഓട്ടോയിൽ ആണ് ജോലിക്ക് എത്താറുള്ളത്.
എന്നാൽ റോഡ് തകർന്നതുമൂലം ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓഫീസിന് അടുത്തേക്ക് വരാറില്ല. ഇതോടെ സഹപ്രവർത്തകർ ചേർന്ന് താങ്ങി പിടിച്ചാണ് കൃഷ്ണകുമാറിനെ ഓഫിസിലെത്തിക്കുന്നത്. ഓഫീസിനു മുൻവശത്തുള്ള 200 മീറ്ററോളം വരുന്ന റോഡ് പലഭാഗത്തും മണ്ണിളകി പോയി ചെളി നിറഞ്ഞ അവസ്ഥയിലാണ്.
അനുകമ്പ തോന്നുന്ന അപൂർവ്വം ചിലർ ഒരുവിധം ഓഫീസിന് മുന്നിൽ എത്തിച്ചു കൊടുക്കും. മിക്കവാറും സമയത്ത് തകർന്ന റോഡിലൂടെ വാക്കറിൽ കാലിടറാതെ മറ്റുള്ളവരുടെ സഹായത്തിലാണ് കൃഷ്‌ണകുമാർ നടന്ന് ഓഫീസിലെത്തുന്നത്.
ഈ റോഡിൽ വീണ് പലർക്കും അപകടം പറ്റിയ നിരവധി സംഭവങ്ങളുണ്ടെന്ന് നാട്ടുകാരും പറയുന്നു. കെ.എസ്.ഇ.ബി. യുടെയും ബി.എസ്.എൻ. എൽ. ന്റെയും ഓഫീസിൽ എത്താൻ നാട്ടുകാർക്ക് ദുരിതമാണ്.
അതേസമയം കാലങ്ങളായി സ്വകാര്യ വ്യക്‌തികളുടെ സ്ഥലത്തിലൂടെയുള്ള ഈ റോഡ് പഞ്ചായത്ത് ആസ്തിയിലേക്ക് വക കൊള്ളിച്ചിട്ട് 4 മാസം മാത്രമാണ് ആയിട്ടുള്ളതെന്നും പഞ്ചായത്തിന്റെ വികസന പദ്ധതികളിൽ ഈ റോഡിന് അടിയന്തിര പരിഗണന നൽകി നിർമ്മിക്കുമെന്നും അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ വ്യക്തമാക്കി.