കൊച്ചി: വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് അതിതീവ്ര മഴ.വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യതയെന്ന് അറിയിപ്പ്. കൂടുതൽ മഴ മേഘങ്ങൾ കടലിൽനിന്ന് കര കയറുന്ന സ്ഥിതിയാണ്.
അതേ സമയം കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 167 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 96 പേരെ തിരിച്ചറിഞ്ഞു. 77 പേർ പുരുഷൻമാരും 67 പേർ സ്ത്രീകളുമാണ്. 22 കുട്ടികളുണ്ട്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 166 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. 49 എണ്ണവും പോസ്റ്റുമോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 219 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 78 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടിൽ 73 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.