Share this Article
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ശമ്പളം നൽകിയത് ശരിയായ നടപടി';തനിക്കെതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് KPCC പ്രസിഡന്റ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല
വെബ് ടീം
posted on 03-08-2024
1 min read
ramesh-chennithal-on-donating-salary-to-chief-ministers-relief-fund

തിരുവനന്തപുരം:  തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നൽകാനുള്ള തീരുമാനം ശരിയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിനുള്ള സമയമല്ല ഇതെന്നും വയനാടിനുവേണ്ടി എല്ലാവരും ഒന്നിച്ചു നിൽക്കണം എന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. ഇതു സംബന്ധിച്ച് കോൺ​ഗ്രസിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അതുകൊണ്ടാണ് എംഎല്‍എ എന്ന നിലയിലുള്ള എന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്‍പ് പ്രതിപക്ഷ നേതാവായിരുന്ന സമയത്തും പ്രളയ സമയത്തുമെല്ലാം യുഡിഎഫിലെ എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം കൊടുത്തതാണ്. അതേ പാത പിന്തുടര്‍ന്നാണ് തീരുമാനം. അത് ശരിയായ നടപടിയാണ് എന്നാണ് എന്റെ വിശ്വാസം.

കെപിസിസി പ്രസിഡന്റ് എന്നെ ഫോണില്‍ വിളിച്ചിരുന്നു.എനിക്കെതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു. വിദേശയാത്ര വെട്ടിച്ചുരുക്കിയാണ് സുധാകരന്‍ വയനാട്ടില്‍ എത്തിയിട്ടുള്ളത്. ഇന്നുചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ വയനാട്ടില്‍ ജനങ്ങളെ എങ്ങനെ സഹായിക്കണമെന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. എല്ലാവരും ഒന്നിച്ചു നിൽക്കണം.

കെപിസിസി പ്രസിഡന്റുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല. അദ്ദേഹം വിദേശ യാത്ര വെട്ടിച്ചുരുക്കിയാണ് അദ്ദേഹം വയനാട് എത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ധനസഹായം നൽകണം എന്നു തന്നെയാണ് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വകമാറ്റി ചെലവാക്കുമ്പോള്‍ അതിനെതിരെ പോരാടിയിട്ടുണ്ട്. ലോകായുക്തയില്‍ കേസ് വരെ നല്‍കിയിട്ടുണ്ട്. വകമാറ്റി ചെലവാക്കുമ്പോള്‍ പണ്ട് എതിര്‍ത്തതുപോലെ ഞങ്ങള്‍ എതിര്‍ക്കും. പക്ഷേ, ഇപ്പോള്‍ അതിന്റെ അവസരമല്ല. രാഷ്ട്രീയം കാണേണ്ട അവസരമല്ല. പാര്‍ട്ടി ചെയ്യേണ്ടകാര്യങ്ങള്‍ പാര്‍ട്ടി ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക നല്‍കേണ്ടത് ആ നിലക്ക് ചെയ്യും.- ചെന്നിത്തല പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories