കല്ലുവാതുക്കല്‍: കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയെ കോടതി ശിക്ഷിച്ചു. പത്ത് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജുവനൈല്‍ ആക്ട് പ്രകാരം ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. 2021 ജനുവരി 5-നാണ് രേഷ്മ നവജാത ശിശുവിനെ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാതെ വീടിനു പിന്നിലെ റബ്ബര്‍ തോട്ടത്തിലെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഡിഎന്‍എ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ തടസമാണെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണത്തിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഭര്‍ത്താവിന്റെ സഹോദര ഭാര്യയും സഹോദരിപുത്രിയുമാണെന്ന് കണ്ടെത്തി. ഇരുവരും ആറ്റിൽ ചാടി ജീവനൊടുക്കുകയും ചെയ്തു.
സിനിമാക്കഥകളെപ്പോലും വെല്ലുന്നതായിരുന്നു കൊല്ലം കല്ലുവാതുക്കലിലെ രേഷ്മയുടെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങള്‍. രേഷ്മയുടെ ഉറ്റസുഹൃത്തുക്കളും ബന്ധുക്കളുമായ രണ്ട് യുവതികളുടെ തമാശയാണ് അവരുടേതടക്കം മൂന്ന് ജീവനുകള്‍ നഷ്ടമാകുന്നതിലേക്ക് നയിച്ചത്.
ഇന്നേവരെ നേരിട്ടു കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി രേഷ്മ പ്രസവിച്ചയുടന്‍ കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചു. ആ കുഞ്ഞ് മരിച്ചിട്ടും ഒന്നുമറിയാത്ത മട്ടില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ അഭിനയിച്ചു, കുഞ്ഞിന്റെ മരണത്തില്‍ പിടിക്കപ്പെട്ടിട്ടും 'അനന്തു' എന്ന കാമുകനുണ്ടെന്ന് ഉറച്ചു വിശ്വസിച്ചു. ഒടുവില്‍ എല്ലാം അറിഞ്ഞപ്പോഴേയ്ക്കും വൈകി.
രേഷ്മയെ പറ്റിക്കാനായാണ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും അനന്തു എന്ന പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. നിര്‍മിച്ചത്. രേഷ്മയുമായി 'അനന്തു' ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദം വളര്‍ന്ന് പ്രണയമായി. ദിവസങ്ങളും മാസങ്ങളും പിന്നിട്ട് ഈ ഓണ്‍ലൈന്‍ പ്രണയം വളര്‍ന്നു. കാമുകനെ കാണാനായി രേഷ്മ വര്‍ക്കലയിലും പരവൂരിലും പോയി. പക്ഷേ, 'കാണുക'യെന്ന സ്വപ്നം മാത്രം നടന്നില്ല. എന്നിട്ടും തന്റെ 'അനന്തു' വ്യാജനാണെന്ന് മനസിലാക്കാന്‍ മാത്രം രേഷ്മയ്ക്ക് കഴിഞ്ഞില്ല. ഉറ്റവരും അടുത്തബന്ധുക്കളുമായ ആര്യയും ഗ്രീഷ്മയുമാണ് തന്നെ കബളിപ്പിക്കുന്നതെന്നും ആ യുവതി അറിഞ്ഞതേയില്ല.
രേഷ്മയും ഭര്‍ത്താവ് വിഷ്ണുവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ഇതിനിടെ രേഷ്മ രണ്ടാമതും ഗര്‍ഭിണിയായി. പക്ഷേ, ഭര്‍ത്താവോ വീട്ടുകാരോ ഇക്കാര്യം അറിഞ്ഞില്ല. അനന്തു എന്ന കാമുകനെ മനസില്‍ പ്രതിഷ്ഠിച്ച രേഷ്മയ്ക്ക് കാമുകനൊപ്പമുള്ള ജീവിതം മാത്രമായിരുന്നു സ്വപ്നം. അതിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്ന് യുവതി ഭയന്നു. ഒരുമിച്ച് ജീവിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് അജ്ഞാത കാമുകനും യുവതിയോട് പറഞ്ഞിരുന്നു. അതിനാല്‍ ഗര്‍ഭിണിയായത് അതിവിദഗ്ധമായി മറച്ചുവെച്ചു. ഒടുവില്‍ ഒമ്പതാം മാസത്തില്‍ ആരുമറിയാതെ ശൗചാലയത്തില്‍ കുഞ്ഞിനെ പ്രസവിച്ച് പുരയിടത്തിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. ആരോഗ്യനില മോശമായ നിലയില്‍ കണ്ടെത്തിയ കുഞ്ഞ് ആ ദിവസം തന്നെ മരിച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണമായിരുന്നു പോലീസ് പിന്നീട് നടത്തിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ ഒരു തുമ്പും ലഭിക്കാതായതോടെ ഡി.എന്‍.എ. പരിശോധനയിലേക്ക് പൊലീസ് കടന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതും വിഷ്ണുവിന്റേതുമാണെന്ന് കണ്ടെത്തിയത്.കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസംമുതല്‍ത്തന്നെ പ്രതി രേഷ്മ പൊലീസിനെ വലയ്ക്കുകയായിരുന്നു. ഇവിടെനിന്നു കണ്ടെടുത്ത സോപ്പുകവറിലെ രക്തക്കറ തന്റെ ആര്‍ത്തവരക്തമാണെന്ന് പറഞ്ഞതോടെ പ്രസവസംബന്ധമായ പരിശോധനയില്‍നിന്ന് തന്നെ ഒഴിവാക്കുമെന്നും രേഷ്മ വിശ്വസിച്ചു. അത് ആദ്യഘട്ടത്തില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
കുഞ്ഞിനെ കാണപ്പെട്ട പുരയിടത്തോടു ചേര്‍ന്ന കുടുംബത്തിലെ സ്ത്രീകളെന്നനിലയില്‍ രേഷ്മയെ അടക്കം ആദ്യദിവസങ്ങളില്‍ത്തന്നെ വൈദ്യപരിശോധന നടത്താതിരുന്നത് പ്രതികളെ കണ്ടെത്തുന്നതില്‍ കാലതാമസം വരുത്തി. കുഞ്ഞിനെ കാണപ്പെട്ടയിടത്ത് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയടക്കം എത്തിച്ച് പരിശോധന നടത്തിയിട്ടും ഇത്തരമൊരു പരിശോധനയുടെ സാധ്യത പോലീസ് ആരാഞ്ഞില്ല. രേഷ്മയെയും രേഷ്മയുടെ അമ്മയെയും ആദ്യംമുതല്‍ത്തന്നെ പൊലീസിനു സംശയമുണ്ടിയിരുന്നതായാണ് പറയുന്നത്. എന്നാല്‍ രണ്ടാഴ്ചയ്ക്കുശേഷമാണ് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്.
കോടതിയുടെ അനുമതിയോടെ എട്ടോളംപേരുടെ ഡി.എന്‍.എ. എടുത്ത് നവജാതശിശുവിന്റെ സാമ്പിളുമായി പരിശോധിച്ചാണ് രേഷ്മയുടെയും ഭര്‍ത്താവ് വിഷ്ണുവിന്റെയും കുട്ടിയുടേതും ഒന്നാണെന്നു കണ്ടെത്തിയത്. ഒടുവില്‍ രേഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി മൊഴി നല്‍കുകയും ചെയ്തു.
രേഷ്മയുടെ ഫെയ്‌സ്ബുക്ക് കാമുകനെ കണ്ടെത്തുക എന്നതായിരുന്നു പൊലീസിന്റെ അടുത്ത ഘട്ടം. ഒന്നും രണ്ടുമല്ല ഇരുപതോളം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് രേഷ്മ കാമുകനുമായി ചാറ്റ് ചെയ്തിരുന്നത്. ഇതില്‍ പലതും ഡിലീറ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് കണ്ടുപിടിക്കാതിരിക്കാനായിരുന്നു ഈ വ്യത്യസ്ത ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍. ഇതെല്ലാം ഡിലീറ്റ് ചെയ്തിരുന്നതിനാല്‍ പൊലീസ് അന്വേഷണവും വഴിമുട്ടി. ഇതിനിടെ, രേഷ്മ ഉപയോഗിച്ചിരുന്ന സിംകാര്‍ഡിന്റെ ഉടമ ആര്യയാണെന്ന് കണ്ടെത്തി. എന്നാല്‍, ഇവരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതോടെയാണ് കേരളത്തെ ഞെട്ടിച്ച ആ രണ്ട് ആത്മഹത്യകള്‍ സംഭവിച്ചത്.
പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ആര്യയും ബന്ധുവായ ഗ്രീഷ്മയും ആറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. രേഷ്മ വഞ്ചകിയാണെന്ന ആത്മഹത്യാ കുറിപ്പും എഴുതിവെച്ചായിരുന്നു ഇവര്‍ ജീവനൊടുക്കിയത്. ഇതോടെ രേഷ്മയുടെ കാമുകന്‍ അനന്തു ആര്യയും ഗ്രീഷ്മയുമാണെന്ന സംശയം ശക്തമായി. ഈ അനന്തു രേഷ്മയുടെ കെട്ടുകഥയാണെന്നും പൊലീസ് സംശയിച്ചു. അന്വേഷണം തുടരുന്നതിനിടെ ഗ്രീഷ്മയുടെ സുഹൃത്തിനെ കണ്ടെത്തിയതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.
ആര്യയും ഗ്രീഷ്മയും ജീവനൊടുക്കിയതോടെ കേസില്‍ പല തരത്തിലുള്ള വെല്ലുവിളികളുമുണ്ടായി. ആര്യയെ മാത്രമാണ് പൊലീസ് നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. പക്ഷേ, ഇവര്‍ ഗ്രീഷ്മയെയും കൂട്ടി ജീവനൊടുക്കുകയായിരുന്നു. ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യവും ഉയര്‍ന്നു. തുടര്‍ന്ന് രേഷ്മയുടെയും ആര്യയുടെയും ഭര്‍ത്താക്കന്മാരില്‍നിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനു ശേഷമാണ് ഗ്രീഷ്മയുടെ സുഹൃത്തിലേക്കും അന്വേഷണം നീണ്ടത്. ഇയാളെ ചോദ്യം ചെയ്തതോടെ കേസില്‍ ഏറെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.രേഷ്മയെ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി.യിലൂടെ കബളിപ്പിക്കുന്നതായി ഗ്രീഷ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. കൂടുതല്‍ അന്വേഷണത്തിലൂടെ അനന്തു എന്ന ഫെയ്‌സ്ബുക്ക് ഐ.ഡിക്ക് പിന്നില്‍ ആര്യയും ഗ്രീഷ്മയുമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് ബാധിതയായതിനാല്‍ രേഷ്മയെ ഈ ദിവസങ്ങളിലൊന്നും പൊലീസിന് ചോദ്യംചെയ്യാനായിരുന്നില്ല.
അനന്തു വ്യാജനാണെന്ന് കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് രേഷ്മയെ ചോദ്യംചെയ്തത്. കാമുകന്‍ വ്യാജനാണെന്നും ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞിട്ടും ആദ്യഘട്ടത്തില്‍ രേഷ്മ വിശ്വസിച്ചതു പോലുമില്ല. ഒടുവില്‍ സത്യമിതാണെന്ന് മനസിലായതോടെ പൊലീസിന് മുന്നില്‍ യുവതി പൊട്ടിക്കരയുകയായിരുന്നു.വെറും തമാശയ്ക്ക് വേണ്ടിയാണ് അനന്തു എന്ന പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. നിര്‍മിച്ച് ആര്യയും ഗ്രീഷ്മയും രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം ആര്യയും ഗ്രീഷ്മയും അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ ഉപേക്ഷിച്ചത് രേഷ്മയാണെന്ന് ഇവര്‍ കരുതിയിരുന്നില്ലെന്നും അന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, കേസില്‍ രേഷ്മയെ അറസ്റ്റ് ചെയ്തതോടെ തങ്ങളും പിടിയിലാകുമെന്ന ഭയമാണ് ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.