ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപെയാണു ഗംഗാവലിപ്പുഴയിൽ തെരച്ചിൽ നടത്തിയത്. മുക്കാൽ മണിക്കൂറോളം നടത്തിയ തെരച്ചിലിൽ ഒരു ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിട്ടുണ്ട്. അധികം പഴയതല്ലാത്ത ജാക്കി തന്റെ ഭാരത് ബെൻസ് ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്.
ജാക്കി കൂടാതെ മറ്റൊരു ലോറിയുടെ മരവാതിലിന്റെ ഭാഗവും മൽപെ കണ്ടെത്തി. ഇത് അർജുനൊപ്പം പുഴയിൽ വീണെന്ന് കരുതുന്ന ടാങ്കർ ലോറിയുടെതാണെന്നാണു സൂചന. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് 4 സഹായികൾക്കൊപ്പം വീണ്ടുംതെരച്ചിൽ തുടരുമെന്ന് മൽപെ പറഞ്ഞു. കാലാവസ്ഥ അനുകൂലമാകുകയും മഴ കുറയുകയും ചെയ്തതോടെ നദിയുടെ അടിത്തട്ട് തെളിഞ്ഞുകാണാനാകുന്നുണ്ട്. അതുകൊണ്ട് തിരച്ചിൽ എളുപ്പമാകും. അർജുനെയും ലോറിയെയും കാണാതായ മറ്റു രണ്ടുപേരെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. തിരച്ചിൽ മൂന്നുദിവസം തുടരുമെന്നും മൽപെ പറഞ്ഞു. തിരച്ചിലിൽ നാവികസേനയെക്കൂടി ഉൾപ്പെടുത്തണമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി മഞ്ചേശ്വരം എംഎൽഎ.
അതേ സമയം മുന്‍കൂര്‍ പണം നല്‍കാമെന്ന് പറഞ്ഞിട്ടും കേരളം ഡ്രഡ്ജര്‍ എത്തിച്ചില്ലെന്ന ആരോപണത്തിൽ കാർവാർ എംഎൽഎയെ തള്ളുന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് പുറത്ത് വന്നുഷിരൂരിലേക്ക് തെരച്ചിലിന് ഡ്രഡ്ജ് തൃശ്ശൂരിൽ നിന്ന് കൊണ്ടുപോകാൻ കഴിയില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ.തൃശ്ശൂരിലെ ഡ്രഡ്ജ് ഗംഗാവലി പുഴയിൽ ഇറക്കാൻ ആകില്ലെന്ന് റിപ്പോർട്ട് നൽകി.തൃശ്ശൂർ ജില്ലാ കളക്ടർ കർണാടക സർക്കാരിനെ രേഖാമൂലം ഇക്കാര്യം അറിയിച്ചു.
ഈ മാസം 5ന് ഇക്കാര്യം ഔദ്യോഗികമായി ചീഫ് സെക്രട്ടറി മുഖാന്തരം അറിയിച്ചിരുന്നു.