രൂക്ഷമായ കുടിവെള്ള ക്ഷാമം മൂലം ദുരിതത്തിലായ വീട്ടമ്മമാർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. തൃശ്ശൂർ ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറമ്പ് മാന്തുരുത്തി കടവ് നിവാസികളാണ് മതിലകത്തെ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചത്.
അറുപതോളം വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് മതിലകത്തെ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസിലെത്തിയത്. ഒരു വർഷത്തോളമായി ഈ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമെത്തിയിട്ട്.നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി പ്രകാരമാണ് ഇവിടേക്ക് വെള്ളമെത്തുന്നത്.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പണിയാരംഭിച്ചതോടെ ഈ ഭാഗത്തേക്കുള്ള പൈപ്പ് മുറിച്ച് മാറ്റപ്പെട്ടതാണ് വെള്ളമെത്താത്തതിന് കാരണമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. ഇത് ശരിക്കാൻ വാട്ടർ അതോറിറ്റിയോ, നാഷണൽ ഹൈവ്വേ നിർമ്മിക്കുന്ന ശിവാലയ കമ്പനിയോ തയ്യാറാകാത്തതാണ് പ്രശ്നം.
പലതവണ ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, വാട്ടർ അതോറിറ്റി അധികൃതർക്കും പരാതി നൽകിയിട്ടും നടപടിയെടുക്കാതായതോടെയാണ് നാട്ടുകാർ ഒന്നടങ്കം വാട്ടർ അതോറിറ്റി ഓഫീസിലെത്തിയത്.
അസിസ്റ്റന്റ് എഞ്ചിനീയറുടെ മുറിയിൽ സംസാരിക്കാനായി കയറിയ നാട്ടുകാർ ഉദ്യോഗസ്ഥയുമായി തർക്കമാകുമെന്ന് കണ്ടതോടെ മതിലകം എസ്.ഐ രമ്യ കാർത്തികേയൻ നാട്ടുകാരെ പുറത്തേക്ക് ഇറക്കി.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും, ശിവാലയ കമ്പനി അധികൃതരെയും വിളിച്ച് വരുത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന എസ്.ഐ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു.
ഇനിയും കുടിവെള്ളമെത്തിയില്ലെങ്കിൽ ദേശീയപാതയിൽ കുത്തിയിരിപ്പ് സമരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയാണ് വീട്ടമ്മമാർ പിരിഞ്ഞു പോയത്.