Share this Article
26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി; 42 അക്കൗണ്ടുകളിൽ മുക്കുപണ്ടം പകരം വച്ച് തട്ടിപ്പ്
വെബ് ടീം
posted on 17-08-2024
1 min read
gold scam bank manager

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുൻ മാനേജർ 17.20 കോടി രൂപയുടെ സ്വർണവുമായി മുങ്ങി. പണയ സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചാണ് സ്വർണം തട്ടിയെടുത്തത്. കോയമ്പത്തൂർ മേട്ടുപ്പാളയം പോത്തി സ്ട്രീറ്റിൽ എസ് മധു ജയകുമാർ (34) ആണ് തട്ടിപ്പ് നടത്തിയത്. മുക്കുപണ്ടം പകരം വച്ച് 26.24 കിലോ സ്വർണമാണ് ഇയാൾ കൈക്കലാക്കിയത്.

ഇയാൾക്കെതിര വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്കിൽ പുതുതായി ചാർജെടുത്ത മാനേജർ വി. ഇർഷാദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജൂൺ 13 മുതൽ ജൂലൈ ആറ് വരെയുള്ള കാലയളവിൽ പണയം വച്ച സ്വർണമാണ് തിരിമറി നടത്തിയത്. 

ഇടപാടുകാർ ബാങ്കിൽ പണയം വെച്ച 42 അക്കൗണ്ടുകളിൽ നിന്ന് സ്വർണം നഷ്ടമായെന്നാണ് പരാതി.

ജൂലൈയിൽ ഇയാൾക്ക് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നെങ്കിലും അവിടെ ചാർജെടുത്തില്ല. ഇതോടെ ബാങ്ക് അധികൃതർക്ക് സംശയം തോന്നുകയും തുടർന്ന് നടത്തിയ പരിശോധനയിൽ തട്ടിപ്പ് പുറത്താകുകയും ചെയ്തു. ഓ​ഗസ്റ്റ് 13 ന് ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. തട്ടിപ്പ് വിവരമറിഞ്ഞ് ഇടപാടുകാർ ബാങ്കിലെത്തി. എന്നാൽ ആരുടെയും സ്വർണം നഷ്ടമാകില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories