Share this Article
ഒഴിഞ്ഞുമാറാനാകില്ല; എവിടെ വാതില്‍ മുട്ടി എന്ന മറുചോദ്യത്തിന്റെ ആവശ്യമില്ല, അക്രമിയുടെ പേര് പുറത്ത് വരണമെന്ന് ജഗദീഷ്
വെബ് ടീം
posted on 23-08-2024
1 min read
ACTOR JAGADEESH

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ നേതൃത്വത്തെ തള്ളി  'അമ്മ' വൈസ് പ്രസിഡൻ്റും നടനുമായ ജഗദീഷ്. സമഗ്രമായ അന്വേഷണം നടക്കണമെന്ന്  നടൻ. അന്വേഷണത്തിൽ നിന്ന് അമ്മയ്ക്കോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോ ഒഴിഞ്ഞുമാറാനാകില്ലെന്നും നടൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ. വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയെന്നും ജഗദീഷ് ചോദിച്ചു.

'വാതില്‍ മുട്ടി എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എവിടെ വാതില്‍ മുട്ടി എന്ന മറുചോദ്യത്തിന്റെ ആവശ്യമില്ല. ആര്‍ട്ടിസ്റ്റ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിക്കണം. കുട്ടിയുടെ പരാതി പരിഹരിക്കണം. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞത് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ഒരു സംഭവമാണെങ്കില്‍ പോലും അതിനെതിരെ നടപടി വേണം.

കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം.മറ്റ് തൊഴിലിടങ്ങളില്‍ ഇങ്ങനെ നടന്നിട്ടില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത്തരത്തിലൊരു ചോദ്യം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. നഷ്ടപ്പെട്ടു എന്ന് പറയുന്ന അഞ്ചു പേജുകള്‍ എങ്ങനെ ഒഴിവായി എന്നതിന് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടി വരും. സിനിമയ്ക്കുള്ളില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണം. അതിന്റെ ഉത്തരവാദിത്വം അമ്മ ഏറ്റെടുക്കണമെന്നാണ് അഭിപ്രായം.ഇരയുടെ പേര് പുറത്തുവിടേണ്ടതില്ല. എന്നാല്‍ അക്രമിയുടെ പേര് പുറത്ത് വരണം. ഹൈക്കോടതിയാണ് ഇക്കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത്. കോടതി പറയുന്ന ആള്‍ക്കെതിരെ നടപടിയെടുക്കാന്‍ അമ്മ തയ്യറാകും. wcc അംഗങ്ങള്‍ ശത്രുക്കളല്ല. അവര്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ ന്യായമായ കാര്യങ്ങളാണ്. അമ്മയില്‍ ന്യായം കിട്ടാത്തതിനാലല്ല wcc രൂപീകരിച്ചത്. അമ്മ പിളര്‍ന്നല്ല wcc ഉണ്ടായത്.

മാഫിയ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. വനിതകള്‍ ദുരനുഭവങ്ങള്‍ ഉണ്ടായതായി പറയുമ്പോള്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന് ചോദിക്കാന്‍ ഞാനാളല്ല. വിജയിച്ചുവന്ന നടീ നടന്മാര്‍ വഴിവിട്ട ബന്ധത്തിലൂടെയാണ് മുന്നേറിയതെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല', ജഗദീഷ് പറഞ്ഞു.

വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കേണ്ടതായിരുന്നു. പ്രതികരിക്കാന്‍ വൈകിയത് അമ്മയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. സംഘടനയുടെ വരാനിരിക്കുന്ന ഷോയുടെ റിഹേഴ്‌സല്‍ കാരണമാണ് പ്രതികരണം വൈകിയത്.അത് ന്യായീകരണമാകില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories