കൊച്ചി: സിനിമയിലെയും ജീവിതത്തിലെയും ആ വാത്സല്യചിരി മാഞ്ഞു.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. 20ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത് മലയാളികളുടെ മനസില്‍ ഇടം പിടിച്ചു.ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
മലയാളത്തിലെ ഒട്ടുമിക്ക നായകൻമാരുടെയും അമ്മയായിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായി അഭിനയിക്കാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് കവിയൂർ പൊന്നമ്മ പറഞ്ഞിട്ടുണ്ട്. അൻപതോളം സിനിമകളിൽ കവിയൂർ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമായി അഭിനയിച്ചു.
നടൻ തിലകന്റെ കൂടെയും അനായാസമായി അഭിനയിക്കാൻ സാധിക്കുന്നു. കവിയൂർ പൊന്നമ്മയുടെ മകനായും (പെരിയാർ) സഹോദരനായും (തനിയാവർത്തനം) ഭർത്താവായും (സന്ദേശം, ജാതകം, കിരീടം, ചെങ്കോൽ, കുടുംബവിശേഷം, സന്താനഗോപാലം) തിലകൻ അഭിനയിച്ചിട്ടുണ്ട്.
സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്. ആദ്യമായി നായികാ വേഷത്തിലെത്തിയ റോസിയുടെ നിര്‍മാതാവായ മണിസ്വാമി സിനിമാ സെറ്റില്‍ വച്ചാണ് വിവാഹഭ്യര്‍ഥന നടത്തിയത്. 1969 ല്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ ബിന്ദു എന്ന മകളുണ്ട്. മകളുടെ ജനനത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വേര്‍പിരിഞ്ഞു. എന്നിരുന്നാലും വാര്‍ധക്യത്തില്‍ മണിസ്വാമി രോഗബാധിതനായപ്പോള്‍ 2011 ല്‍ അദ്ദേഹത്തിന്റെ മരണം വരെ കവിയൂര്‍ പൊന്നമ്മയാണ് പരിചരിച്ചത്.