Share this Article
എം.എം.ലോറൻസിന്റെ മൃതദേഹം പള്ളിയിൽ അടക്കണമെന്ന ഹർജിയുമായി മകൾ; ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും; നടപ്പാക്കുന്നത് പിതാവിന്റെ ആഗ്രഹമെന്ന് മകൻ
വെബ് ടീം
posted on 23-09-2024
1 min read
mm lawerence

കൊച്ചി: അന്തരിച്ച സിപിഐഎം മുൻ കേന്ദ്ര കമ്മിറ്റി അംഗം എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെതിരേ കോടതിയെ സമീപിച്ച് മകൾ ആശാ ലോറൻസ്. ഇതുസംബന്ധിച്ച് ആശ സമർപ്പിച്ച ഹർജി ഹൈക്കോടതി ഉച്ചയ്ക്കുശേഷം പരിഗണിക്കും. ലോറൻസിന്റെ ആഗ്രഹപ്രകാരം കളമശ്ശേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ലോറൻസിന്റെ അടുത്ത ബന്ധുക്കളും പാർട്ടിക്കാരുമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇതിന് മുന്നിട്ടിറങ്ങിയത്. 

എന്നാൽ, ഇത്തരത്തിലൊരു താത്പര്യം പിതാവ് പ്രകടപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് ആശ രംഗത്തുവന്നിരിക്കുന്നത്.നിലവിൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം നടന്നുകൊണ്ടിരിക്കുകയാണ്. വൈദ്യപഠനത്തിനായി മൃതദേഹം വിട്ടുകൊടുക്കാൻ താത്പര്യമില്ലെന്നും അക്കാര്യത്തിൽ എല്ലാ മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം വേണമായിരുന്നു തീരുമാനമെടുക്കാനെന്നും ആശ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ആശ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിപ്പും പങ്കുവച്ചിരുന്നു. ലോറൻസിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയാണെന്നും ലോറൻസിനേക്കാൾ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകർമങ്ങൾ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശ ലോറൻസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

എന്നാൽ പിതാവിന്റെ ആഗ്രഹപ്രകാരമാണ് മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറാൻ തീരുമാനിച്ചതെന്ന് മകൻ സജീവ് വ്യക്തമാക്കി. ബിജെപി ആർ.എസ്.എസിലെ ചിലർ ആശയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഈ വിവാദങ്ങളെല്ലാമെന്നും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ആശ പങ്കുവയ്ക്കുന്ന കുറിപ്പുകൾ അവരുടെ സാന്നിധ്യം വ്യക്തമാക്കുന്നതാണെന്നും സജീവ് പറയുന്നു. പാർട്ടിയെയും പാർട്ടി നേതാക്കളെയും ബഹുജന മധ്യത്തിൽ അവഹേളിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സജീവ് പറയുന്നു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ലോറൻസിന്റെ മരണം. തിങ്കളാഴ്ച്ച എറണാകുളം ഗാന്ധിനഗറിലെ വീട്ടിലും ലെനിൻ സെന്ററിലും തുടർന്ന് ടൗൺഹാളിലും നടന്ന പൊതുദർശനത്തിൽ നേതാക്കളുൾപ്പടെ നിരവധി പേർ എത്തിച്ചേർന്നു. ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും ലോറൻസിന് അന്ത്യമോപചാരം അർപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories