Share this Article
image
അർജുന്റെ മൃതദേഹം പ്രത്യേക ആംബുലൻസിൽ കോഴിക്കോട്ടേയ്ക്ക് തിരിച്ചു; കുടുംബത്തിന് 5 ലക്ഷം സഹായധനം പ്രഖ്യാപിച്ച് കർണാടക
വെബ് ടീം
posted on 27-09-2024
1 min read
arjun body

കർണാടക: ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുൻ്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ട്. കർണാടക പൊലീസും കാർവാർ എംഎൽഎ സതീഷ് സെയിലും യാത്രയിൽ ആംബുലൻസിനെ അനുഗമിക്കും.

 അര്‍ജ്ജുന്റെ മൃതദേഹം നാളെ(28.09.2024) പുലര്‍ച്ചെ അഞ്ച് മണിയ്ക്ക് ജില്ലാ അതിര്‍ത്തിയായ അഴിയൂരിൽ വെച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഏറ്റുവാങ്ങും. മൃതദേഹത്തെ അനുഗമിക്കുന്ന മന്ത്രി കാണ്ണാടിക്കലിലെ വീട്ടില്‍ ശവസംസകാര ചടങ്ങിലും പങ്കെടുക്കും.

കണ്ണാടിക്കലിൽ നിന്നും വിലാപയാത്രയായാണ്  മൃതദേഹം കൊണ്ടുവരിക.പൂളാടിക്കുന്നിൽ നിന്നും ലോറി ഡ്രൈവർമാർ ആംബുലൻസിനെ അനുഗമിക്കും.ഒരു മണിക്കൂർ നേരം പൊതുദർശനം.തുടർന്ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.

ഉച്ചയോടെ മൃതദേഹം അർജുന്റെത് എന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിൽ ആക്കിയത്. നാളെ രാവിലെ 6 മണിക്ക് അർജുന്റെ മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിക്കും.

ഇതിനിടെ അർജുന്റെ കുടുംബത്തിനു കർണാടക സർക്കാർ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കാർവാർ എംഎൽഎ സതീഷ് സെയിൽ സഹായധനം അർജുന്റെ അമ്മയ്ക്ക് കൈമാറും. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

CP2 പോയിന്റിൽ 12 അടി താഴ്ചയിലായിരുന്ന ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി കരയ്‌ക്കെത്തിച്ചത്. ലോറി പൂർണ്ണമായും ചെളിക്കുള്ളിലായിരുന്നു. ജൂലൈ 16 ന് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് ലോറിയിൽ ലോഡുമായി പോയ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അപകടത്തിപ്പെടുന്നത്.

മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും ഗംഗിവലിപ്പുഴയിൽ തുടരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories