Share this Article
KERALAVISION TELEVISION AWARDS 2025
പണം പിരിച്ചിട്ടുണ്ടെങ്കിൽ എന്നെ കല്ല് എറിഞ്ഞുകൊല്ലാം; പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും; ഞാന്‍ വേറെ ലവലാണെന്ന് മനാഫ്
വെബ് ടീം
posted on 02-10-2024
1 min read
manaf

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ലോറി ഡ്രൈവര്‍ മനാഫ്. താന്‍ തെറ്റ് ചെയ്തിട്ടില്ല, അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

'സത്യമായിട്ടും അവരുടെ കുടുംബം പറഞ്ഞത് കേട്ടിട്ടില്ല. എന്നെ നിങ്ങള്‍ക്ക് വിശ്വസിക്കാം. ഞാന്‍ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി കണ്ടെത്തിയാല്‍ ഞാന്‍ നടുറോഡില്‍ വന്നുനില്‍ക്കാം, നിങ്ങള്‍ക്ക് എന്നെ കല്ല് എറിഞ്ഞുകൊല്ലാം. ഞാന്‍ ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. മനാഫ് ഒരു രണ്ടായിരം രൂപ കൊണ്ടുകൊടുക്കാന്‍ പോകുന്ന ഒരാളായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?. എന്താ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എന്റെ മക്കളാണേ സത്യം ആ വാര്‍ത്താ സമ്മേളനത്തെ പറ്റി അറിയില്ല.

ഞാന്‍ ആ യുട്യൂബ് ചാനല്‍ തുടങ്ങിയത് എന്റെ കാര്യം അവിടെ വച്ച് ഗംഗാവലി തീരത്ത് വച്ച് സംസാരിക്കാനാണ്. അര്‍ജുന്റെ വിഷയത്തിന് ശേഷം ഞാന്‍ അക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇനി ഞാന്‍ ആ യൂട്യൂബ് ചാനല്‍ സജീവമാക്കും, ആരുടെയും തറവാട് സ്വത്ത് എടുത്തിട്ടല്ല അത് തുടങ്ങിയത്. ഇത് എന്റെ യൂട്യൂബ് ചാനലാണ്. എന്റെ പുതിയ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും, അതൊന്നും എനിക്ക് പ്രശ്‌നമില്ല. ഞാന്‍ വേറെ ലവലാ.

എന്റെ കുടുംബമായി അവരെ കണ്ടതില്‍ എന്താണ് തെറ്റ്. അമ്മ എന്റെ അമ്മയാണ്. എന്നെ തള്ളിപ്പറഞ്ഞാലും എന്റെ അമ്മയാണ്. അര്‍ജുന്റെ കുടുംബം എന്റെ കുടുംബമാണ്. ഇപ്പോള്‍ ബുദ്ധിമോശത്തിന്റെ പേരില്‍ എന്നെ തള്ളിപ്പറഞ്ഞാലും എനിക്ക് അവരെ ഒഴിവാക്കാനാവില്ല. ഇനിയും ഞാന്‍ എന്റെ ജോലിക്കാരുടെ കൂടെയുണ്ടാകും. അമ്മയുടെ ഏത് ലൈവ് ആണ് ഞാന്‍ യൂട്യൂബ് ചെയ്തത്. ലോറി ഉടമ മനാഫ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. അതില്‍ അമ്മയുമായി ഒരു അഭിമുഖം ഇല്ല. 20 ദിവസം മുന്‍പാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അങ്ങനെ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് തെറ്റാണോ?. അത് എന്റെ ഇഷ്ടത്തിന് ഞാന്‍ എന്തും ചെയ്യും.

കാര്യമായ തര്‍ക്കങ്ങള്‍ ഒന്നും തമ്മില്‍ ഇല്ല. ഒരു എന്തുപറഞ്ഞാലും അവര്‍ എന്റെ കുടുംബമാണ്. ആരോപണങ്ങള്‍ അവര്‍ തെളിയിക്കട്ടെ. അപ്പോള്‍ എന്നെ മാനാഞ്ചിറ സ്‌ക്വയറിന് മുന്നില്‍ വച്ച് കല്ലെറിഞ്ഞ് കൊല്ലാം. അര്‍ജുന്റെ ചിത അണഞ്ഞിട്ടില്ല. എന്നെ എന്തിനാണ് ക്രൂശിക്കുന്നത്. ഞാന്‍ ചെയ്തതൊക്കെ അവിടെ നിലനില്‍ക്കും. അവര്‍ പറഞ്ഞത് എന്താണെന്ന് കേട്ടിട്ട് വേണമെങ്കില്‍ മാധ്യമങ്ങളെ കാണാം' മനാഫ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories