Share this Article
ഓംപ്രകാശിനെതിരായ ലഹരിക്കേസില്‍ സിനിമാ താരങ്ങള്‍ക്കെതിരെ അന്വേഷണം; പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിലെത്തി
വെബ് ടീം
posted on 07-10-2024
1 min read
OM PRAKASH

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോ‌ർട്ടിൽ സിനിമാതാരങ്ങളുടെ പേരും. കേസിൽ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുമുള്ളത്.

നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവർ ഇന്നലെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓം പ്രകാശിന്റെ സുഹൃത്താണ് മുറി ബുക്ക് ചെയ്തത്. നടിയും നടനുമടക്കം ഇരുപതോളം ആളുകളുടെ പേരുകളും റിപ്പോർട്ടിലുണ്ട്. മുറിയിൽ ലഹരി ഉപയോഗം നടന്നുവെന്നും പൊലീസ് പറയുന്നു. ഓം പ്രകാശും സുഹൃത്തുക്കളും വിദേശത്തുനിന്ന് ലഹരി എത്തിച്ച് കൊച്ചിയിലെ ഡിജെ പാർട്ടിയിൽ വിൽപന നടത്തിയെന്നും സൂചനയുണ്ട്.ശ്രീനാഥിനെയും പ്രയാഗയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ല. വൈദ്യപരിശോധനയിലും ലഹരി ഉപയോഗം തെളിയിക്കാനാവാത്തതിനാലാണ് ഓം പ്രകാശിനും ഷിഹാസിനും ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പിടികൂടിയ ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ലഹരിവസ്തുക്കൾ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കൽനിന്ന് പൊലീസ് കൊക്കൈൻ പിടിച്ചെടുത്തിരുന്നു.കൊച്ചി മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പാർട്ടിക്ക് എത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.

ഓം പ്രകാശ് രണ്ട് ദിവസമായി കൊച്ചിയിൽ ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന സംശയത്തിലാണ് നാർകോട്ടിക്‌സ് വിഭാഗം പരിശോധന നടത്തിയത്. ആദ്യം കരുതൽ കസ്റ്റഡിയിലെടുത്ത ഓം പ്രകാശിനെ പിന്നീട് പൊലീസ് സ്റ്റേഷനിലും ഹോട്ടലിലും എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories