Share this Article
image
വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്; പുരസ്‌കാരം മൈക്രോ ആർ.എൻ.എയുടെ കണ്ടുപിടിത്തത്തിനും ജീന്‍ ക്രമപ്പെടുത്തലിൽ മൈക്രോ ആര്‍എന്‍എയുടെ പങ്കിനെ കുറിച്ചുള്ള പഠനത്തിനും
വെബ് ടീം
posted on 07-10-2024
1 min read
NOBEL PRIZE

സ്‌റ്റോക്‌ഹോം: അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവര്‍ക്ക്  2024-ലെ വൈദ്യശാസ്ത്ര നൊബേൽ. മൈക്രോ ആര്‍.എന്‍.എ. കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കുകയും ചെയ്തതിനാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്.

ശരീരത്തില്‍ എല്ലാ കോശങ്ങളിലും സമാനമായ ജനിതകദ്രവ്യമാണുള്ളത്. എങ്കിലും, പേശീകോശങ്ങള്‍, സിരാകോശങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തയിനം കോശങ്ങള്‍ ശരീരത്തില്‍ രൂപപ്പെടുന്നു. അതിന്റെ കാരണം തേടിയാല്‍, നാമെത്തുക ജീന്‍ ക്രമപ്പെടുത്തല്‍ (gene regulation) എന്ന പ്രക്രിയയിലേക്കായിരിക്കും. ഓരോയിനം കോശങ്ങളിലും ആവശ്യമായ ജീനുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതാണ് ഈ ക്രമപ്പെടുത്തല്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.അംബ്രോസും റോവ്കിനും 'മൈക്രോ ആര്‍എന്‍എ' (microRNA) കണ്ടുപിടിച്ചത്. ചെറു ആര്‍.എന്‍.എകളുടെ വിഭാഗത്തില്‍ ഒന്നാണ് മൈക്രോ ആര്‍.എന്‍.എ. പുതിയ ആര്‍.എന്‍.എ. വിഭാഗത്തെ കണ്ടെത്തുക മാത്രമല്ല, ജീന്‍ ക്രമപ്പെടുത്തലില്‍ അവ വഹിക്കുന്ന നിര്‍ണായക പങ്കും ഇരുവരും കണ്ടെത്തി.

കൗതുകരമായ ഒരു സംഗതി, 2023-ലും ആര്‍.എന്‍.എയുമായി ബന്ധപ്പെട്ട മുന്നേറ്റത്തിനാണ് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം നല്‍കപ്പെട്ടത് എന്നതാണ്. 'മെസഞ്ചര്‍ ആര്‍.എന്‍.എ.' (mRNA) യെ ന്യൂക്ലിയോസൈഡ് പരിഷ്‌കരണത്തിന് വിധേയമാക്കുക വഴി, കോവിഡ് 19-നെതിരെ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ വഴിതുറന്ന കാത്തലിന്‍ കാരിക്കോ, ഡ്രൂ വീസ്മാന്‍ എന്നിവരാണ് കഴിഞ്ഞവര്‍ഷം വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories