വഖഫ് വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി മുനമ്പം നിവാസികൾ. വഖഫ് നിയമത്തിൻ്റെ പ്രതീകാത്മക രൂപം കടലിൽ താഴ്ത്തിയായിരുന്നു പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തിൽ പങ്കാളികളായത്.
വേളാങ്കണ്ണി മാതാ പള്ളിയിൽ നിന്നും പ്രതിഷേധ പ്രകടനമായാണ് മുനമ്പം നിവാസികൾ പ്രതീകാത്മക വഖഫ് നിയമം കടലിൽ താഴ്ത്താൻ എത്തിയത്. വഖഫ് നിയമത്തിലെ വിവിധ വകുപ്പുകൾ എഴുതിച്ചേർത്ത കോലം കടലിൽ കെട്ടിത്താഴ്ത്തി നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.
മുനമ്പം ഭൂമിയിൽ റവന്യൂ അവകാശങ്ങൾ പൂർണമായും പുനസ്ഥാപിക്കുക എന്നതാണ് നാട്ടുകാരുടെ ആവശ്യം. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനിൽ വിശ്വാസമില്ലെന്നും പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് പറയുന്ന വഖഫ് ഭേദഗതി ബില്ലിൽ മാത്രമാണ് പ്രതീക്ഷയെന്നും സമരസമിതി പ്രവർത്തകർ പറയുന്നു.
വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനും വ്യത്യസ്ഥമായ സമര രീതികളുമായി മുന്നോട്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. വിവിധ സംഘടനകളും സമര സമിതിക്ക് പിന്തുണ അർപ്പിച്ച് സമര പന്തലിൽ എത്തുന്നുണ്ട്.