പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തില്‍ 21-കാരന്‍ അറസ്റ്റില്‍.അടൂര്‍ ഏനാത്ത് ആണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെയാണ് ഏനാത്ത് പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കും. ആദിത്യനും പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസം. ഇപ്പോള്‍ കുഞ്ഞിന് എട്ട് മാസം പ്രായമായി. കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ബന്ധുവാണ് പരാതി നല്‍കിയത്.
ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ പെണ്‍കുട്ടിയും യുവാവും ഒരു ബസ് യാത്രയിലാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. യുവാവിന്റെ മാതാപിതാക്കള്‍ വയനാട്ടില്‍ തോട്ടം തൊഴിലാളികളാണ്. ഒരു വര്‍ഷം മുന്‍പ് വയനാട്ടില്‍വെച്ച് പെണ്‍കുട്ടിയുടേയും യുവാവിന്റെയും വിവാഹം കഴിഞ്ഞതായാണ് വിവരം. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് വയനാട്ടില്‍വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയും യുവാവും കുഞ്ഞുമായി കടമ്പനാട്ടെ വീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെ യുവാവും കുടുംബാംഗങ്ങളുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായി. ഇതോടെ ബന്ധുക്കളില്‍ ഒരാള്‍ പോക്‌സോ സാധ്യത ചൂണ്ടിക്കാട്ടി വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ച് താമസിക്കുന്നതിനെ കുറിച്ച് പെണ്‍കുട്ടിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാമായിരുന്നെന്ന് പോലീസ് പറയുന്നു. പ്രത്യേകിച്ച് അമ്മയ്ക്ക് തുടക്കം മുതലുള്ള കാര്യങ്ങളെ കുറിച്ച് അറിവുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇരുവരുടേതെന്നും പൊലീസ് പറയുന്നു.
നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റിയേക്കും. പോലീസ് ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.