സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഉള്ള സിപിഐഎം ജില്ലാ സമ്മേളനങ്ങൾ ഈ മാസം പത്തിന് തുടങ്ങും.പ്രാദേശികമായി ഉണ്ടായ വിയോജിപ്പുകളും വിഭാഗീയത യും ജില്ലാ സമ്മേളനങ്ങളിൽ ഉണ്ടാകാൻ പാടില്ല എന്ന നിർദ്ദേശം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് നൽകി കഴിഞ്ഞു . തെക്കൻ ജില്ലകളിലാണ് ലോക്കൽ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും വിയോജിപ്പുകൾ പ്രകടമായി കണ്ടത്.
തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ വിഭാഗീയത തലപൊക്കിയെങ്കിലും നേതൃത്വം ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് മുന്നോട്ട് പോകുന്നത് .ജില്ലാ സമ്മേളനങ്ങളിൽ പരിഹാരം കണ്ടെത്താം എന്നുള്ള പ്രതീക്ഷയും ഉണ്ട് .തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലാണ് ലോക്കൽ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങൾ വിഭാഗീയത തല ഉയർത്തിയത് . നേതൃത്വത്തിനെതിരെയും ആരോപണങ്ങൾ ഉയർന്നു .
തിരുവനന്തപുരം മംഗലപുരത്ത്ഏരിയ സെക്രട്ടറി പാർട്ടി വിട്ടു ബിജെപിയിൽ ചേക്കേറിയത് നേതൃത്വത്തെ പോലും അമ്പരപ്പിച്ചു. കൊല്ലത്ത് എത്തിയപ്പോഴേക്കും കരുനാഗപ്പള്ളിയിൽ നാലിടങ്ങളിൽ ഇനിയും ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടതും കേഡർ സ്വഭാവത്തിന് പിഴവു പറ്റിയതിന്റെ ഓർമ്മപ്പെടുത്തലുകളാണ്. പിന്നാലെ ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.
പത്തനംതിട്ടയിലും മറിച്ചല്ല കാര്യങ്ങൾ .തിരുവല്ല ഏരിയാ സമ്മേളനം പൂർത്തിയാക്കാൻ കഴിയാത്ത വിധം വിഭാഗീയത ശക്തി പ്രാപിച്ചതോടെ ഏരിയാ സെക്രട്ടറിയെ നിക്കി ,കൊടുമൺ ഏരിയ സെക്രട്ടറി ജില്ലാ സെക്രട്ടറിയുടെ അടുപ്പക്കാരനെന്നു നവമാധ്യമങ്ങളിലൂടെ അണികൾ പോരടിക്കുന്നതും കണ്ടു.ആലപ്പുഴയിൽ എത്തിയപ്പോഴേക്കും സിപിഎം നേതാവ് പാർട്ടി വിട്ടു ബിജെപിയിലേക്ക് പോയത് ജില്ലാ സമ്മേളനത്തിൽ ചർച്ചയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല .
പാലക്കാടും മറിച്ചല്ലായിരുന്നു. വിരുദ്ധ ചേരിയിൽ ഉണ്ടായിരുന്നവർ കൊഴിഞ്ഞാമ്പാറയിൽ സമാന്തര പാർട്ടി ഓഫീസ് സ്ഥാപിച്ചു .ഡിസംബർ 10ന് തുടങ്ങുന്ന ജില്ലാ സമ്മേളനം ജനുവരി ആദ്യവാരത്തിൽ അവസാനിക്കും. കൊല്ലത്ത് തുടങ്ങി തൃശ്ശൂരിൽ ജില്ലാ സമ്മേളനം അവസാനിക്കുന്നതോടെ മാർച്ച് മാസത്തിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ .മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം.
സംസ്ഥാന നേതാക്കൾ രണ്ടായി തിരിഞ്ഞാണ് ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് പൊതുസമ്മേളനങ്ങളിൽ മുഖ്യമന്ത്രിയും പങ്കെടുക്കുന്നുണ്ട് വിഭാഗീയത ഒഴിവാക്കാൻ കർശന നിർദേശമാണ് ജില്ലാ നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി നൽകിയിട്ടുള്ളത് . ചർച്ചകൾ സജീവരാഷ്ട്രീയത്തിൽ ഊന്നി വേണമെന്ന് വ്യക്തി രാഷ്ട്രീയത്തിൽ വേണ്ടെന്നും പറയുമ്പോഴും നേതാക്കളെ തണലിൽ വളരുന്ന അണികളുടെ എതിർസ്വരങ്ങൾ ശമിപ്പിക്കാൻ നേതാക്കൾക്ക് നന്നായി വിയർപ്പൊഴുക്കേണ്ടി വരും .