ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രസാദം നൽകുന്നത് വാഴയിലയിൽ ആണെങ്കിലും ശബരിമലയിലെ പ്രസാദ വിതരണം റാക്കിലയിലാണ്. വനത്തിൽ നിന്ന് ശേഖരിക്കുന്ന കാട്ടുകൂവയുടെ ഇലയാണ് റാക്കില.
സന്നിധാനത്തെയും മാളികപ്പുറത്തെയും പ്രസാദ വിതരണത്തിൽ റാക്കിലയുടെ പങ്ക് വളരെ വലുതാണ്. പ്രകൃതിദത്തമായ ഒരുപാട് ഗുണങ്ങളുള്ളതുകൊണ്ടാണ് കാട്ടുകൂവയുടെ ഇലയായ റാക്കില പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നത്. പെട്ടന്ന് നശിച്ചുപോകില്ലന്നതാണ് ഈ ഇലയുടെ പ്രത്യേകത. റാക്കിലയില്‍ ലഭിക്കുന്ന പ്രസാദം ഒരാഴ്ച വരെ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാന്‍ കഴിയും.
പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെട്ട കൊടും വനത്തിൽ നിന്നാണ് 20 ഓളം തൊഴിലാളികൾ ഇലകള്‍ ശേഖരിക്കുന്നത്. വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിനുള്ളില്‍ നിന്ന് അതിരാവിലെ തന്നെ ഇലകള്‍ വെട്ടിയൊതുക്കിയെടുക്കണം. സാഹസികമായി ശേഖരിച്ച ഇലകൾ കെട്ടുകളാക്കി സന്നിധാനത്തെത്തിക്കും.