SSLC, പ്ലസ് വൺ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർന്നത് സ്ഥീരികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നടക്കുന്നത് പൊതു വിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോർച്ച ഉണ്ടാകില്ല എന്നും ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
പ്ലസ് വൺ കണക്കിന്‍റേയും SSLC ഇംഗ്ലീഷിന്റേയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ആണ് ചോർന്നത്. ചോദ്യ പേപ്പർ ചോർച്ച ഗൗരവമുള്ള ആരോപണമാണെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.
ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല എന്ന് പറഞ്ഞ മന്ത്രി, സംഭവം പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നും വ്യക്തമാക്കി. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുണ്ടാകും.
അതോടൊപ്പം, സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകും. സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിൽ അധ്യാപകർക്ക് നിലവിൽ നിയന്ത്രണം ഉണ്ട്. പലർക്കും എതിരെ നടപടി എടുത്തിട്ടുമുണ്ട്. അതിന്റെ കണക്കുകൾ പിന്നീട് പുറത്ത് വിടുമെന്ന് മന്ത്രി പറഞ്ഞു.
ചോർന്ന പരീക്ഷകൾ വീണ്ടും നടത്തുന്നതിൽ പിന്നീട് തീരുമാനം ഉണ്ടാകും. ഇപ്പോഴത്തെ പരീക്ഷ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമല്ല എന്നാണ് മന്ത്രി വിശദീകരിക്കുന്നത്.