കണ്ണൂര്‍ ആറളം ഫാമില്‍ കള്ളുചെത്താനെത്തിയ തൊഴിലാളി കാട്ടാനയെ പേടിച്ച് തെങ്ങില്‍ കുടുങ്ങിയത് അരമണിക്കൂര്‍. കൂടെയുള്ള തൊഴിലാളികള്‍ പടക്കം പൊട്ടിച്ചതോടെയാണ് ആന പിന്തിരിഞ്ഞത്.
പതിവുപോലെ കള്ളുചെത്താനെത്തിയതാണ് രാഘവന്‍. തൊഴിലിനിടെ നിത്യേനെ കാട്ടാനകളെ കാണാറുണ്ടെങ്കിലും തന്റെ നേര്‍ക്ക് തിരിയുന്നത് ഇതാദ്യമായാണ്. ആനയെ കണ്ടയുടന്‍ രാഘവന്‍ തെങ്ങിന്റെ മുകളില്‍ കയറി. എന്നാല്‍ തെങ്ങിന്റെ ചുവടെ കാട്ടാനയും നിലയുറപ്പിച്ചു. ഇതോടെ രാഘാവന് തെങ്ങിന്റെ മുകളില്‍ കഴിയേണ്ടിവന്നത് അരമണിക്കൂര്‍.
തെങ്ങിന് മുകളില്‍ നിന്ന് രാഘവന് താഴെയിറങ്ങാന്‍ കഴിയാതെയായതോടെ കൂടെയുള്ള തൊഴിലാളികള്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതോടെയാണ് ആന പിന്തിരിഞ്ഞതെന്ന് രാഘവന്‍ പറഞ്ഞു.
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ഓരോ ദിവസവും ആനയെ ഭയന്നാണ് ഇവിടുത്തുകാര്‍ കഴിയുന്നത്. അധികൃതര്‍ പരിഹാരം കാണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.