ആലപ്പുഴ ചമ്പക്കുളം എടത്വ റൂട്ടില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതായി പരാതി. മുട്ടത്തറ ജംഗ്ഷനും ന്യൂയോര്‍ക്ക് ഷാപ്പിനും ഇടയിലുള്ള വളവിലാണ് അപകടം പതിയിരിക്കുന്നത്. യാത്രക്കാരുടെ കാഴ്ച മറക്കും വിധം വളര്‍ന്നുനില്‍ക്കുന്ന മരങ്ങളും കുറ്റിച്ചെടികളും വെട്ടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞദിവസം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ടങ്കരി സ്വദേശിനിക്ക് ഗുരുതരപരിക്കേറ്റിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ വീണ്ടും രംഗത്തെത്തിയത്.
പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡില്‍ ഈ ഭാഗത്ത് രണ്ട് കൊടും വളവുകളാണ് ഉള്ളത്. ഇവിടെ റോഡിന് ഇരുവശവും പാഴ് മരങ്ങളും കുറ്റിച്ചെടികളും വളര്‍ന്നുനില്‍ക്കുന്നതിനാല്‍ യാത്രക്കാരുടെ കാഴ്ച മറക്കുന്നതാണ് അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമെന്ന് വാര്‍ഡ് മെമ്പര്‍ ആന്റണി അലക്‌സ് പറഞ്ഞു.
കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും അപകട സാധ്യതയുണ്ട്. അധികൃതര്‍ മുഖം തിരിച്ചതോടെ പ്രദേശവാസികള്‍ തന്നെ ഇവ വെട്ടി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.