കാസര്‍ഗോഡ് ഉപ്പളയില്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനായി കൊണ്ടുവന്ന വാഹനത്തില്‍ നിന്ന് അരക്കോടി രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ കൊള്ളത്തലവന്‍ പിടിയിൽ. കേസിൽ തമിഴ്നാട്, തിരുട്ടുഗ്രാമം സ്വദേശി കാര്‍വര്‍ണനെ പോലീസ് അറസ്റ്റ് ചെയ്തു.
കാസർഗോഡ് ഡിവൈ.എസ്.പി. സി.കെ സുനില്‍കുമാര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ. അനൂബ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അനേഷണ സംഘമാണ് പിടികൂടിയത്.
2024 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം.മഞ്ചേശ്വരം, ഉപ്പളയില്‍ എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ വാഹനത്തില്‍ നിന്നാണ് പട്ടാപ്പകല്‍ പണം കവര്‍ന്നത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് സ്ഥലത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്.
സംഘാംഗമായ മുത്തര്‍കുമാരനെ മഞ്ചേശ്വരം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഘത്തലവനായ കാര്‍വര്‍ണനും കൂട്ടുപ്രതിയും വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
കവര്‍ച്ച ആസൂത്രണം ചെയ്ത സംഘത്തലവനായ കാര്‍വര്‍ണ്ണനും മറ്റൊരു പ്രതിയും സ്വന്തം ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് തമിഴ്നാട്ടില്‍ വേഷം മാറിയെത്തി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞദിവസം കാര്‍വര്‍ണ്ണനെ തിരിച്ചറിഞ്ഞ പൊലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയായിരുന്നു. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. കവർച്ച തലവൻ പിടിയിലയതോടെ കൂടുതൽ മോഷണ കേസുകൾ തെളിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.