തൃശ്ശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. പുല്ലഴി കേരള സ്റ്റേറ്റ് ഹൗസിംഗ് കോളനിയിലെ ഫ്ലാറ്റിലേക്ക് ആണ് പടക്കം എറിഞ്ഞത്.. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ടൗൺ വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു..
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കെട്ടിടത്തിലെ സുശീൽ കുമാർ എന്നയാളുടെ ഫ്ലാറ്റിലേക്കാണ് പടക്കം എറിഞ്ഞത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.. തുടർന്ന് വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൂന്നുപേർ പടക്കം ഓടിപ്പോകുന്നത് കണ്ടതായി വിവരം ലഭിച്ചു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾകൂടി ഇനി പിടിയിലാകാനുണ്ട്. ഇതേ കെട്ടിടത്തിലെ മറ്റൊരു ഫ്ലാറ്റിലെ കുട്ടികളുമായി പടക്കം എറിഞ്ഞ കുട്ടികൾക്ക് തർക്കം നിലനിന്നിരുന്നു.
ഇതിന്റെ പ്രതികാരം എന്നോണം ആണ് പടക്കം എറിഞ്ഞത്. എന്നാൽ, പടക്കം എറിഞ്ഞ ഫ്ലാറ്റ് മാറിപ്പോയതായാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം എന്തു തരം സ്ഫോടക വസ്തുവാണ് എറിഞ്ഞതെന്ന് കണ്ടെത്താനായി ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിട്ടുണ്ട്.